കാസർകോട്: വിലക്കയറ്റത്തിനെതിരെ വീല്‍ചെയര്‍ തള്ളി ഒറ്റയാൾ പോരാട്ടവുമായി നജീം കളങ്ങര. രാഷ്ട്രീയക്കാര്‍ രാഷ്ട്രീയ വിഷയങ്ങളിലും മത സംഘടനയില്‍പ്പെട്ടവര്‍ മതപരമായ കാര്യങ്ങളിലും മാത്രം പ്രതികരിക്കുമ്പോള്‍ എല്ലാവരെയും ദുരിതത്തിലാക്കുന്ന വിലക്കയറ്റത്തിനെതിരെ ആരും ശക്തമായി പ്രതികരിക്കാത്തതുകൊണ്ടാണ് സമര രംഗത്ത് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സമൂഹമധ്യത്തിലെത്തിക്കാന്‍ മുമ്പ് 63 പ്രതിഷേധ പരിപാടികളാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി നജീം ഒറ്റയ്ക്ക് നടത്തിയത്.
പാചകവാതക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ കൊല്ലം കലക്ടറേറ്റില്‍ ചെന്ന് കാക്കയെ കൂകി വിളിച്ച് വരുത്തിയും വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിനായാണ് നജീം, കൊല്ലത്ത് നിന്ന് കാസർകോട് എത്തിയത്. കാസര്‍കോട് കലക്ടറേറ്റിന് മുന്നില്‍ നിന്ന് നവംബർ 26നാണ് വീല്‍ചെയര്‍ തള്ളിയുള്ള കേരളയാത്രയ്ക്ക് തുടക്കം കുറിച്ചത്. രണ്ട് മാസം കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ യാത്ര എത്തുന്ന രീതിയിലാണ് സമര പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ചെങ്കല്‍ കട്ടിങ് മെഷീനിന്‍റെ ഹെല്‍പറായി ജോലി ചെയ്‌ത് വരികയാണ് നജീം. തരിശായി കിടക്കുന്ന ഭൂമി സര്‍ക്കാർ മുന്‍കൈ എടുത്ത് പാട്ടത്തിന് വാങ്ങി കൃഷി ചെയ്‌ത് ഉത്പാദനം കൂട്ടണമെന്നാണ് നജീമിന്‍റെ മറ്റൊരു ആവശ്യം. മൂന്ന് സെന്‍റ് സ്ഥലവും വീടുമുള്ള നജീം, ഹെല്‍പറയായി ജോലി ചെയ്യുമ്പോള്‍ തന്നെ ഒരാളുടെ 50 സെന്‍റ് ഭൂമി പാട്ടത്തിന് എടുത്ത് കപ്പയും വാഴയും ചീരയും അടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷി ചെയ്‌ത് മാതൃക കാട്ടിയിരുന്നതായി നജീം പറഞ്ഞു.
കൃഷി ചെയ്‌തിരുന്ന സ്ഥലം ഭൂമി കച്ചവടക്കാര്‍ വാങ്ങിയതോടെയാണ് അവിടെ കൃഷി നടത്താന്‍ സാധിക്കാതിരുന്നതെന്നും 36കാരനായ നജീം പറഞ്ഞു. നേരത്തെ തെരുവുനായ വിഷയം ഉയര്‍ത്തിയും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുമടക്കം പ്രതിഷേധ പരിപാടികള്‍ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് നജീം.