കാസർകോട് (Kasaragod ) : മംഗലാപുരത്ത് നിന്നും മലപ്പുറം കോട്ടക്കലിലേക്ക് കടത്തിയ ആറര ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. കോട്ടക്കൽ സ്വദേശികളായ പി.കെ അഖിൽ, ഒ.സജീർ എന്നിവരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്‌തു. രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് കുമ്പള സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.
മുമ്പും പ്രതികൾ പുകയില ഉത്പന്നങ്ങൾ കടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഗുഡ്‌സ് വാഹനത്തിൽ അൻപതോളം ചാക്കുകളിൽ ആക്കി ആണ് പുകയില ഉത്പന്നങ്ങൾ (tobacco) കടത്താൻ ശ്രമിച്ചത്. കടത്താൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഓണക്കാലത്തെ പച്ചക്കറി കയറ്റുമതിയുടെ മറവിലും നിരോധിത പുകയില ഉൽപന്നങ്ങൾ കേരളത്തിലേക്ക് കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടിക്കുളം അന്തർ സംസ്ഥാന ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 57 ചാക്ക് പുകയില പാക്കറ്റുകൾ പൊലീസ് പിടിച്ചെടുത്തിരുന്നു. സംസ്ഥാന അതിർത്തികളിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പൊലീസ് പറഞ്ഞു.
കഞ്ചാവ് കേസിലെ പ്രതികളെ വെറുതെ വിട്ടു: അന്വേഷണത്തിലെ പോരായ്‌മ ചൂണ്ടികാട്ടി, രണ്ട് കിലോ കഞ്ചാവ് വിൽപ്പന നടത്തിയ കേസിലെ രണ്ടു പ്രതികളെയും കോടതി വെറുതെ വിട്ടു. നെടുമങ്ങാട് സ്വദേശി സുബിൻ രാജ്, ഉള്ളൂർ കേശവദാസപുരം സ്വദേശി ജവാദ് എന്നിവരാണ് കുറ്റമുക്തരായ പ്രതികൾ. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്.
കുറ്റപത്രത്തിൽ ഉണങ്ങിയ കഞ്ചാവ് പിടികൂടി എന്ന് രേഖപ്പെടുത്തുകയും എന്നാൽ വിചാരണ സമയത്ത് പച്ച കഞ്ചാവാണ് പിടികൂടിയത് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്നെ മൊഴി മാറ്റി നൽകുകയും ചെയ്‌തു. കഞ്ചാവിന്‍റെ ശാസ്‌ത്രീയ പരിശോധന റിപ്പോർട്ടിൽ 25 ഗ്രാം കഞ്ചാവ് സാമ്പിൾ എടുത്തു എന്നത് 16 ഗ്രാം ആയി കുറഞ്ഞു.
ഇത് എങ്ങനെ സംഭവിച്ചു എന്ന കാര്യം വ്യക്തമാക്കാൻ എക്‌സൈസിനു കോടതിയിൽ കഴിഞ്ഞില്ല. ഇത്തരം വീഴ്‌ചകൾ ചൂണ്ടികാട്ടിയാണ് പ്രതികളെ വെറുതെ വിടുന്നത് എന്നാണ് ഉത്തരവിൽ പരാമർശിച്ചത്. 2011 മെയ് അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. അമ്പലമുക്കിൽ നിന്നും മുട്ടടയ്ക്ക് പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന ന്യൂ സഞ്ചൂസ് ബേക്കറിയുടെ മുൻപിൽ വച്ച് ഒട്ടോറിക്ഷയിൽ വന്ന് പ്രതികൾ കഞ്ചാവ് വിൽപന നടത്തി എന്നാണ് കേസ്. എക്സൈസ് എൻഫോഴ്സ്മെസ്‌മന്‍റ് ആന്‍റി നർക്കോട്ടിക് സ്‌പെഷ്യൽ സ്വക്വാഡാണ് പ്രതികളെ പിടികൂടിയത്.
also read: അട്ടപ്പാടിയിൽ എക്‌സൈസ് പരിശോധന : നാടൻ തോക്കും കഞ്ചാവും പിടിച്ചു ; നാല് പേര്‍ അറസ്റ്റില്‍