കാസര്‍കോട്: പ്രാക്തന ഗോത്രവിഭാഗമായ കൊറഗ വംശത്തില്‍ നിന്നുള്ള ആദ്യ എംഎഫില്‍ ബിരുദധാരി. എന്നാല്‍ ഉപജീവനത്തിനായി ബീഡി തെറുക്കുന്ന ജോലി. കാസര്‍കോട് വോര്‍ക്കാടിയിലെ കുളൂര്‍ പട്ടിക വര്‍ഗ കോളനിയിലെ മീനാക്ഷിക്കാണ് ഈ ഗതികേട്. ജനസംഖ്യ കുറഞ്ഞുവരുന്ന ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്ന് ഉന്നത ബിരുദം നേടിയ മീനാക്ഷിക്ക് നാളിതുവരെയായി സര്‍ക്കാര്‍ വകുപ്പില്‍ താല്‍ക്കാലിക നിയമനം പോലും ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് ഏറ്റവും താഴെത്തട്ടിലുള്ള പ്രാക്തന ഗോത്രവര്‍ഗ വിഭാഗത്തിലെ ആദ്യ എംഎ, എംഫില്‍ ബുരുദധാരിയാണ് മീനാക്ഷി. ഉന്നത നേട്ടം കൈവരിച്ചപ്പോള്‍ അഭിമാനമായിരുന്നു അവൾക്ക്. തന്‍റെ ഗോത്രത്തിലെ ഭാവി തലമുറക്ക് പ്രചോദനമാകുമല്ലോ എന്നായിരുന്നു പ്രതീക്ഷ. കന്നഡയില്‍ എംഎക്ക് വിജയം നേടിയപ്പോള്‍ അന്ന് രാഷ്ട്രപതി ആയിരുന്ന പ്രണബ് മുഖര്‍ജിയുടെ വിരുന്ന് സല്‍ക്കാരമടക്കം ലഭിച്ച മീനാക്ഷി പക്ഷേ ജീവിതം തള്ളിനീക്കാനായി ബീഡി തെറുക്കുകയാണ് ഇപ്പോള്‍. പത്താം തരം മുതല്‍ ബീഡി തെറുത്താണ് പഠനം മുന്നോട്ട് കൊണ്ട് പോയത്. ബിരുദങ്ങള്‍ നേടിയാലെങ്കിലും സര്‍ക്കാര്‍ ജോലി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ ഉന്നത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കയ്യിലുണ്ട് എന്നതല്ലാതെ സര്‍ക്കാര്‍ ജോലി ഇനിയും സ്വപ്‌നമായി അവശേഷിക്കുന്നു.
ആയിരത്തി അഞ്ഞൂറില്‍ താഴെ മാത്രം ജനസംഖ്യയുള്ള വിഭാഗമാണ് മീനാക്ഷിയുള്‍ക്കൊള്ളുന്ന കൊറഗ സമുദായം. പിന്നാക്കം നില്‍ക്കുന്ന സമൂഹത്തെ മുഖ്യധാരയിലെത്തിക്കാനാണ് സംവരണമേര്‍പ്പെടുത്തിയതെങ്കിലും മീനാക്ഷിയുടെ കാര്യത്തില്‍ അത് നടപ്പിലാകുന്നില്ല. തനിക്കൊരു ജോലി കിട്ടിയാല്‍ വളര്‍ന്നു വരുന്നവര്‍ക്ക് പഠിക്കാനുള്ള പ്രേരണയുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റിയെന്നാണ് മീനാക്ഷി പറയുന്നത്. ഒരു അധ്യാപികയാകണമെന്നും ഗവേഷണം നടത്തണമെന്നുമാണ് മീനാക്ഷിയുടെ ആഗ്രഹം. പക്ഷെ ഉപജീവനത്തിനായി ബീഡി തെറുപ്പല്ലാതെ മീനാക്ഷിക്ക് മുന്നില്‍ മറ്റൊരു വഴിയില്ല. ജോലി തേടിയുള്ള അലച്ചിലില്‍ ബീഡി തെറുത്ത് കിട്ടുന്ന വരുമാനം കൂടി ഇല്ലാതാകുന്നുവെന്ന സങ്കടത്തിലാണ് മീനാക്ഷി.