കാസർകോട്: രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുമ്പോള്‍ സര്‍ക്കാര്‍ മാർഗ നിർദേശമനുസരിച്ച് വാക്‌സിനേഷന്‍ നടത്താനാവശ്യമായ എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. ആരോഗ്യമേഖലയിലെ മുഴുവന്‍ സർക്കാർ ജീവനക്കാര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും സ്വകാര്യമേഖലയിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്. വാക്‌സിന്‍ നിശ്ചിത ഊഷ്‌മാവിൽ സൂക്ഷിക്കുന്നതിനായി ജില്ലയില്‍ രണ്ട് വാക്കിങ് കൂളറുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
വാക്‌സിനേഷന്‍ നല്‍കുന്നതിനായി 283 വാക്‌സിനേറ്റര്‍മാരെയും 329 വാക്‌സിന്‍ സെഷന്‍ സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. വാക്‌സിന്‍ സെഷന്‍ സൈറ്റുകള്‍ക്ക് പുറമെ ഔട്ട് റീച് സെഷനുകളും മൊബൈല്‍ ഇമ്മ്യൂണൈസേഷന്‍ ടീമുകളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വാക്‌സിന്‍ വിതരണം നടത്തുക. വാക്‌സിൻ സെഷനില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. പരിശീലനം ലഭിച്ച നാല് ജീവനക്കാര്‍ വാക്‌സിനേഷന്‍ സൈറ്റില്‍ ഉണ്ടായിരിക്കും. വാക്‌സിൻ സ്വീകരിക്കുന്നവരുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണ്.
കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്‌ടർ ഡി. സജിത് ബാബുവിന്‍റെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുന്നതിനും വാക്‌സിന്‍ വിതരണം സുഗമമായി നടപ്പിലാക്കുന്നതിനുമായി വകുപ്പ് മേധാവികള്‍ ഉള്‍പ്പെടുന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ആദ്യഘട്ട പരിശീലനം പൂര്‍ത്തിയായി. ജില്ലാ തലത്തില്‍ ജില്ലാ ആര്‍.സി.എച് ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പരിശീലനം, ബൂത്ത് സജ്ജമാക്കല്‍ എന്നിവയ്ക്ക് പ്രത്യേക ജില്ലാതല ടീമുകള്‍ രൂപീകരിച്ചിട്ടുണ്ട്.