കാസര്‍കോട്: മഞ്ഞംപാറയില്‍ ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ എട്ട് ലക്ഷം രൂപയുടെ വൈദ്യുതി മോഷണം പിടികൂടി. 11 കിലോവാട്ട് ശേഷിയുള്ള ചേഞ്ച് ഓവർ സംവിധാനമുപയോഗിച്ചായിരുന്നു തട്ടിപ്പ്. ലൈനിൽ നിന്നും മീറ്റർ പ്രവർത്തിക്കാതെ തന്നെ വീട്ടിൽ വൈദ്യുതി എത്തിച്ചതായാണ് പരിശോധനയിൽ കണ്ടെത്തിയത്. മുള്ളേരിയ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മഞ്ഞംപാറയിലെ സയിദ് ഉമറുൽ ഫാറൂഖ് തങ്ങളുടെ വീട്ടിലാണ് കഴിഞ്ഞ ഒരു വർഷമായി പ്രത്യേക സംവിധാനമുപയോഗിച്ച് വൈദ്യുതി മോഷണം നടന്നത്.
ഇയാളുടെ ഭാര്യ റൈഹാനത്ത് ബീവിയുടെ പേരിലാണ് കണക്ഷൻ ഉള്ളത്. ലൈനിൽ നിന്നും എടുക്കുന്ന വൈദ്യുതി മീറ്ററിലേക്ക് പോകാതെ വീട്ടിനകത്ത് ഘടിപ്പിച്ച പ്രത്യേക സംവിധാനം ഉപയോഗിച്ചായിരുന്നു മോഷണം. വൈദ്യുതി പോസ്റ്റിൽ നിന്നുള്ള സർവീസ് വയർ 11 കെ.വി ചേഞ്ച് ഓവർ ഉപയോഗിച്ചാണ് മീറ്ററിൽ നിന്നും മാറ്റുന്നത്. വൻ തുക ബിൽ വന്നിരുന്ന വീട്ടിൽ തുടർച്ചയായി മിനിമം നിരക്ക് മാത്രമാണ് രേഖപ്പെട്ടത്. എ.സി അടക്കമുള്ളവ പ്രവർത്തിപ്പിക്കുമ്പോഴും മീറ്ററിൽ വൈദ്യുതി ഉപഭോഗം പൂജ്യം ആംപിയർ ആണ് രേഖപ്പെടുത്തിയിരുന്നത്.
ലോക്ക് ഡൗൺ മാസങ്ങളിൽ എല്ലാവര്‍ക്കും വൻ തുക ബിൽ വന്നപ്പോഴും ഈ മീറ്ററിൽ മാത്രം മിനിമം തുക മാത്രമായിരുന്നു വന്നത്. ഇതിൽ സംശയം തോന്നിയ മീറ്റർ റീഡർ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡ് മുള്ളേരിയ സെക്ഷൻ പരിധിയിൽ പിടികൂടുന്ന അഞ്ചാമത്തെ കേസാണിത്.