കാസര്‍കോട്: പയസ്വിനി പുഴയ്ക്ക് ഭീഷണിയായി പ്ലാസ്റ്റിക് ചാക്കുകള്‍. താല്‍ക്കാലിക തടയണയൊരുക്കാൻ മണല്‍ നിറച്ച് പുഴയിലിട്ട ചാക്കുകളെല്ലാം അടിത്തട്ടില്‍ കെട്ടിക്കിടക്കുകയാണ്. ഓരോ വര്‍ഷവും താൽക്കാലിക തടയണകള്‍ നിര്‍മിക്കുമ്പോള്‍ പഴയ ചാക്കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെങ്കിലും അത് നടപ്പാക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.
കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജലമെത്തിക്കാനാണ് പയസ്വിനിപ്പുഴക്ക് കുറുകെ ബാവിക്കരയില്‍ താൽക്കാലിക തടയണകള്‍ നിര്‍മിക്കുന്നത്. മണൽ ചാക്കുകള്‍ കൊണ്ട് നിര്‍മിക്കുന്ന തടയണകള്‍ ഒരോ വർഷവും നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കാനായി തുക വകയിരുത്തുന്നുണ്ടെങ്കിലും കൃത്യമായി നടക്കാറില്ല. നിരവധി പ്ലാസ്റ്റിക്ക് ചാക്കുകളാണ് ഇപ്പോള്‍ മലിനീകരണ ഭീഷണിയുയര്‍ത്തി പുഴയില്‍ അടിഞ്ഞു കിടക്കുന്നത്.
ആലൂരില്‍ സ്ഥിരം തടയണയുടെ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1980 മുതലാണ് പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചു തുടങ്ങിയത്. ഓരോ വര്‍ഷവും പത്ത് മീറ്റര്‍ അകലത്തിലാണ് ചാക്കുകള്‍ കൊണ്ടുള്ള തടയണകള്‍ ഉയര്‍ത്തുന്നത്. ഇതിനായി വര്‍ഷം തോറും പതിനായിരത്തോളം പ്ലാസ്റ്റിക് ചാക്കുകളാണ് പുഴയില്‍ തള്ളുന്നത്.