കാസർകോട്: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ഒമ്പത് കേന്ദ്രങ്ങളിലാണ് നടക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തിരക്ക് ഒഴിവാക്കാൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലാണ് പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നത്. പ്രിസൈഡിങ് ഓഫീസർ, ഫസ്റ്റ് പോളിങ് ഓഫിസർ എന്നിവരെ മാത്രമാണ് കൗണ്ടറിലേക്ക് പ്രവേശിപ്പിക്കുക.
മറ്റുള്ള ഉദ്യോഗസ്ഥർ വാഹനങ്ങളിൽ തന്നെ ഇരിക്കണം എന്നാണ് നിർദേശം. അതേസമയം ജില്ലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിച്ചതായും അതിർത്തികളിൽ പരിശോധന വ്യാപിപ്പിച്ചതായും എസ്.പി പറഞ്ഞു. പത്ത് ഡിവൈഎസ്‌പിമാർക്കാണ് സുരക്ഷാ ചുമതല. ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ എട്ട് ഡിവിഷനുകളാക്കി തിരിച്ചിട്ടുണ്ടെന്നും, 500 സ്ട്രൈക്കിങ് സേന സജ്ജമാണെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രവാസി വോട്ടർമാർ അടക്കം 1,048,645 വോട്ടർമാരാണ് ജില്ലയിലുള്ളത്.