കാസർകോട്: നീന്തല്‍ കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താണ യുവാവിന് രക്ഷകരായി മേല്‍പറമ്പ് സ്റ്റേഷനിലെ പൊലീസുകാർ. ചേരൂർ റഹ്‌മത്ത് നഗറിലെ ഫിറോസ് (19) ആണ് നിയമപാലകരുടെ കൈപിടിച്ച് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കയറിയത്.
ചെമ്മനാട് കൈന്താറിലെ കുളത്തിൽ നീന്തൽ പരിശീലനത്തിനിടെ ഫിറോസ് മുങ്ങിത്താഴുകയായിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പൊതു കുളങ്ങളിൽ കുളിക്കുന്നത് നിരോധിച്ചിരുന്നു. കൈന്താറിലെ കുളത്തിൽ യുവാക്കൾ കൂട്ടമായെത്തി കുളിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയത് ആണ് മേൽപ്പറമ്പ സ്റ്റേഷനിലെ എസ്.ഐ പത്മനാഭൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത് പള്ളിക്കര, കൃപേഷ് തൃക്കരിപ്പൂർ എന്നിവർ.
പൊലീസിനെ കണ്ട് കുളക്കരയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. കുളത്തിന് സമീപം വസ്ത്രങ്ങൾ കണ്ടതിനെ തുടർന്ന് അന്വേഷിച്ചെത്തിയ പൊലീസുകാരാണ് ഫിറോസ് മുങ്ങുന്നത് കണ്ടത്. 15 അടിയോളം താഴ്ചയുള്ള കുളത്തിലേക്ക് സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത് ചാടി ഫിറോസിനെ കരയ്ക്ക് കയറ്റുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ഫിറോസിന് പൊലീസുകാർ കൃത്രിമ ശ്വാസം നല്‍കിയതിന് ശേഷം സമീപത്തെ ആശുപ്രതിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.