കാസർകോട് : വികസന വിരുദ്ധപട്ടം കൂടുതല്‍ ചേരുന്നത് പിണറായി വിജയനാണെന്നും മോദി സ്റ്റൈലാണ് മുഖ്യമന്ത്രിയുടേതെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. വിമർശനം ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കുകയാണ്. സിൽവർ ലൈൻ ഹരിത പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പദ്ധതിക്ക് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ചോദിച്ചറിയേണ്ടതുതന്നെയാണ്. അതാണ് പ്രതിപക്ഷം ചെയ്യുന്നത്. 18ാം തിയതി കലക്‌ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. അന്ന് തന്നെ സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്തും. വിഷയത്തില്‍ യുഡിഎഫിന് കൃത്യമായ നിലപാടുണ്ട്. അത് വ്യക്തമായി നിയമസഭയിൽ പറഞ്ഞിട്ടുള്ളതാണ്.
അതിനുള്ള ഉത്തരം പറയാതെ അതിൽനിന്നും രക്ഷപ്പെടാനായി അവിശുദ്ധ കൂട്ടുകെട്ടെന്ന് പറയുന്ന ക്ലീഷേ വാചകങ്ങൾ ദയവുചെയ്‌ത് മുഖ്യമന്ത്രി പറയാതിരിക്കണം. മുഖ്യമന്ത്രി ആ പറയുന്നത് അബദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. സ്ത്രീകൾക്ക് കയറി ചെല്ലാൻ പറ്റാത്ത സ്ഥലമായി പൊലീസ് സ്റ്റേഷനുകൾ മാറിയെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
പൊലീസിന്‍റേത് നിരുത്തരവാദിത്വ സമീപനം
മലയിന്‍കീഴ് സംഭവം ഞെട്ടിപ്പിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്ത് നടന്ന സംഭവമാണിത്. ഇതിന് കാരണം പൊലീസിന്‍റെ നിരുത്തരവാദിത്വ സമീപനമാണ്. പരാതിക്കാരെ ദുർനടപ്പുകാരായി ചിത്രീകരിക്കുകയാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡിൽ പോയി പരാതിപ്പെടേണ്ട തരത്തിൽ ഒരു വിഷയവും കേരളത്തിലെ കോൺഗ്രസിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
READ MORE: Malayinkeezhu pocso case: പോക്സോ കേസ് പ്രതിയോടൊപ്പം ഇര: പൊലീസിനെതിരെ അമ്മ