കാസര്കോട്: 'ഇനി മുതല്‍ ഉപയോഗിച്ച് തീര്‍ന്ന പേനകള്‍ വലിച്ചെറിയരുത്'. സമൂഹത്തിന് മുന്നില്‍ വലിയൊരു സന്ദേശം എത്തിക്കുകയാണ് 'പെന്‍ഫ്രണ്ട്' പദ്ധതിയിലൂടെ ഹരിത കേരള മിഷന്‍. ഉപയോഗശൂന്യമായ പേനകള്‍ പെന്‍ഡ്രോപ് പെട്ടികളില്‍ നിക്ഷേപിക്കാം. എഴുതി തീര്‍ന്ന സമ്പാദ്യം എന്ന ടാഗ് ലൈനില്‍ 'ഒഴിഞ്ഞ പേനയിട്ടെന്റെ ഉള്ളം നിറച്ച് ഭൂമിയെ കാക്കുക' എന്ന സന്ദേശത്തോടെയാണ് ഹരിത കേരള മിഷന്‍ കാസര്‍കോട് ജില്ലയില്‍ 'പെന്‍ഫ്രണ്ട്' പദ്ധതിക്ക് തുടക്കമിട്ടത്.
പദ്ധതിയുടെ ഭാഗമായി കാസര്‍കോട് കലക്ടറേറ്റില്‍ പേനകള്‍ നിക്ഷേപിക്കാനുള്ള പെട്ടികള്‍ സ്ഥാപിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ഇത്തരം പെട്ടികള്‍ സ്ഥാപിക്കും. സമൂഹത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പേനകളുടെ ഉപയോഗം കുറക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. നിശ്ചിത കാലയളവിന് ശേഷം പെട്ടികളില്‍ നിറഞ്ഞ പേനകള്‍ പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറി പുനചംക്രമണം നടത്താനാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ലഭിക്കുന്ന വരുമാനം പേപ്പര്‍ പേനകളുടെ നിര്‍മ്മാണത്തിനും വിതരണത്തിനും നീക്കിവയ്ക്കാനാണ് ഹരിത കേരള മിഷന്റെ തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്.