കാസർകോട് : ‘കവിയായി’ ജീവിച്ചിട്ടില്ല. പല ജോലികൾ, പല വേഷങ്ങൾ കെട്ടിയാടിയിട്ടുണ്ട്. ഇപ്പോൾ പരീക്ഷണമെന്നോണം എഴുത്തുകൊണ്ട് ജീവിക്കണമെന്നാണ് ആഗ്രഹം. മലയാളിയുടെ പ്രിയ കവി പവിത്രൻ തീക്കുനി വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണിത്. പക്ഷേ ഇന്ന് തീക്കുനിക്കറിയാം കവിത കൊണ്ട് ഒരാൾക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല. അല്ലെങ്കിൽ കവി പ്രശസ്തനാകണം.
"കെണിയാണെന്നറിയാം പണി നിന്റെയാണെന്നറിയാം പക്ഷെ വിശപ്പിനെക്കാൾ വലുതല്ലല്ലോ മരണം!"... വിശപ്പിന്റെ രുചി അറിഞ്ഞവരുടെ ഹൃദയത്തിലായിരുന്നു പവിത്രൻ തീക്കുനിയുടെ ഈ വാക്കുകൾ പതിഞ്ഞത്. ഒരു നേരത്തെ ഭക്ഷണത്തിനായി യാചിച്ചവനിൽ നിന്നും ഈ കവിത ജനിച്ചതിൽ അതിശയമൊന്നുമില്ല. വിശപ്പിനെക്കാൾ വലുത് ലോകത്ത് ഒന്നുമില്ലെന്ന് എഴുതിയ പവിത്രൻ തീക്കുനി ഇപ്പോൾ അന്നമൂട്ടുന്ന തിരക്കിലാണ്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസർകോട് കുമ്പള പെർവാഡിലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാർക്കുള്ള അടുക്കളയിലാണ് പവിത്രൻ തീക്കുനിയുള്ളത്. കഴിഞ്ഞ രണ്ടര വർഷമായി അദ്ദേഹം ഇവർക്കിടയിലുണ്ട്. 500 ഓളം ജീവനക്കാരുണ്ടിവിടെ. മലയാള സാഹിത്യത്തിൽ സ്വന്തമായൊരു ഇടമുള്ള, നിരവധി സാഹിത്യ പുരസ്കാരങ്ങൾ നേടിയ കവിയാണ് ഊട്ടുപുരയിലുള്ളതെന്ന് കമ്പനിയിലെ തൊഴിലാളികളില്‍ പലർക്കും അറിയില്ല.
കത്തുന്ന പച്ചമരങ്ങൾക്കിടയിൽ... മുറിവുകളുടെ വസന്തം തേടി, ദരിദ്രവും ദുഃഖഭരിതവുമായ കൗമാര യൗവ്വനാനുഭവങ്ങൾ തുറന്നു പറഞ്ഞ പവിത്രൻ തീക്കുനി ഇപ്പോൾ ലോകസാഹിത്യത്തിലെ വേദനയനുഭവിച്ച എഴുത്തുകാരുടെ ജീവിതത്തെക്കുറിച്ചുള്ള കവിതയുടെ പണിപ്പുരയിലാണ്.
ഈ ജോലി തെരെഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടി ഉണ്ടെന്നും പവിത്രൻ തീക്കുനി പറയുന്നു. വർഷങ്ങളോളം ഭിക്ഷയാചിച്ചു ജീവിച്ച ആളാണ്. വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ വേദന എന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്ന് ഭക്ഷണത്തിന് വേണ്ടി ഞാൻ യാചിച്ചിട്ടുണ്ടെങ്കിൽ ഇന്ന് ഭക്ഷണം വിളമ്പി നൽകാനുള്ള ഭാഗ്യം ഉണ്ടായി. ജോലി ഒരിക്കലും എഴുത്തിനെ ബാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. കവിതയ്ക്ക് പ്രത്യേകമായൊരു സമയമില്ല. അത് സംഭവിക്കുന്നതാണ്. വായനക്കാണ് സമയം വേണ്ടത്. അത് ലഭിക്കുന്നില്ല. കവിയെന്ന നിലയിൽ നല്ല പരിഗണനയാണ് കമ്പനി നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തമായൊരു മുറിയും എഴുതാനുള്ള സാഹചര്യവും ഒരുക്കിത്തന്നു. വടകരയിലെ ഒരു പ്രസംഗവേദിയിൽ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ കേൾക്കാനിടയായ ഊരാളുങ്കലിന്റെ ചെയർമാൻ രമേശൻ പാലേരിയാണ് തനിക്കീ ജോലി തന്നതെന്ന് പവിത്രൻ തീക്കുനി പറഞ്ഞു. ഏറ്റവും പരിചയമുള്ള ജോലിയാണിത്. അതുകൊണ്ടാണ് താൻ ഈ ജോലി ഏറ്റെടുത്തത്. പവിത്രൻ തീക്കുനി പറഞ്ഞു നിർത്തി...
പവിത്രൻ തീക്കുനി: കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് തീക്കുനിയിൽ ജനിച്ചു. തീക്കുനി എന്നത് സ്ഥലപ്പേരാണ്. മയ്യഴി, മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളജിൽ ബി.എ. മലയാളത്തിനു ചേർന്നെങ്കിലും ആദ്യവർഷം തന്നെ പഠനം ഉപേക്ഷിച്ചു. മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ഒരാളെന്ന് വിശേഷണം.
മുറിവുകളുടെ വസന്തം, കത്തുന്ന പച്ചമരങ്ങൾക്കിടയിൽ, ഭൂപടങ്ങളിൽ ചോര പെയ്യുന്നു. മഴക്കൂട്, രക്തകാണ്ഡം, തീക്കുനിക്കവിതകൾ, തെക്കില, യുപ്പില, തീക്കുനി (2012, ഓർമ്മക്കുറിപ്പുകൾ) എന്നിവ പ്രധാന കൃതികൾ.