കാസർകോട്: ഏറെക്കാലത്തെ മുറവിളികൾക്ക് ശേഷം ജില്ലയിൽ അനുവദിക്കപ്പെട്ട പാസ്പോർട്ട് സേവാ കേന്ദ്രം അടഞ്ഞു തന്നെ. കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന പാസ്പോർട്ട് സേവാ കേന്ദ്രമാണ് കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞു കിടക്കുന്നത്. ഈ നില തുടർന്നാൽ ഇവിടെ ലഭിച്ചിരുന്ന സേവനം എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോയേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.
ഏറെക്കാലത്തെ പ്രക്ഷോഭങ്ങൾക്കും ജനപ്രതിനിധികളുടെ ഇടപെടലിന്‍റെയും ഫലമായി 2017 ഏപ്രിൽ ഒന്നിനാണ് പാസ്പോർട്ട് സേവാ കേന്ദ്രം കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ചത്. പയ്യന്നൂർ മേഖലാ കേന്ദ്രത്തെ ആശ്രയിക്കേണ്ടി വന്നിരുന്ന ജനങ്ങൾക്ക് ആശ്വാസമായിരുന്നു കാസർകോട്ടെ സേവാകേന്ദ്രം. അസൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും ദിനംപ്രതി 75ലേറെ ആളുകൾക്ക് ടോക്കനുകൾ നൽകിയിരുന്നു. പുതിയ അപേക്ഷ സ്വീകരിക്കൽ, പഴയത് പുതുക്കൽ, പങ്കാളികളുടെ പേര് ചേർക്കൽ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ലഭ്യമായിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന്‍റെ പ്രവർത്തനവും നിർത്തുകയായിരുന്നു. ഓഫീസ് നിശ്ചലമായിട്ട് ആറ് മാസം കഴിയുമ്പോഴും ഇനിയെന്ന് തുറക്കുമെന്ന് മാത്രം ആർക്കും അറിയില്ല. പാസ്പോർട്ട് കേന്ദ്രത്തിനായുള്ള സജ്ജീകരണങ്ങൾ ഒരുക്കുന്നതിന് പോസ്റ്റ് ഓഫീസ് തയ്യാറാണെന്നും അറിയിപ്പ് ലഭിച്ചാലുടൻ സേവാ കേന്ദ്രത്തിനാവശ്യമായ ജീവനക്കാരെ ഉൾപ്പെടെ ലഭ്യമാക്കാൻ തയാറാണെന്നും പോസ്റ്റൽ സൂപ്രണ്ട് വി.ശാരദ അറിയിച്ചു.
പ്രവാസികൾ ഏറെയുള്ള ജില്ലയിലെ പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നാണ് പൊതുവിൽ ഉയർന്നിട്ടുള്ള ആവശ്യം.