കാസർകോട്: ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് സംഗമം നടന്നു. പാട്ട് പാടിയും നൃത്തം വച്ചും എത്തിയ പ്രവർത്തകരോടൊപ്പം ശരീര വേദനകളും വൃഥകളും മറന്ന് രോഗബാധിതരും പഞ്ചായത്ത് അംഗങ്ങളും കൂടിയപ്പോൾ ചെര്‍ക്കള മാര്‍ത്തോമ സ്‌ക്കൂള്‍ പരിസരത്ത് സംഘടിപ്പിച്ച പരിപാടി വേറിട്ട അനുഭവമായി.
ഉണര്‍വ് 2020 എന്ന് പേരിട്ട സംഗമം എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പാലിയേറ്റീവ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 15 പേരെ ചടങ്ങില്‍ ആദരിച്ചു. 100 രോഗികള്‍ക്ക് പുതപ്പുകള്‍ നല്‍കി. കിടപ്പുരോഗികള്‍ ഉണ്ടാക്കിയ സോപ്പ്, അലക്കുപൊടി, ഫിനോയില്‍, പേപ്പര്‍ പേന എന്നിവയുടെ വില്‍പനയും സംഗമത്തിൽ നടന്നു. കാസര്‍കോട് സര്‍ക്കാര്‍ നഴ്സിംഗ് കേളജ് വിദ്യാർഥിനികള്‍, പിഎച്ച്സി ജീവനക്കാര്‍, പാലിയേറ്റിവ് രോഗികള്‍, ആശാ, പാലിയേറ്റിവ് വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.