കാസര്‍കോട്: ദുരിതാശ്വാസ നിധിയിലേക്ക് ധനസമഹാരണത്തിന് സഹപാഠിയുടെ ചിത്രം ലേലത്തിന്. തൃക്കരിപ്പൂർ ഇളമ്പച്ചി സ്‌കൂളിലെ 99-ാം ബാച്ചിൽ എസ്.എസ്.എൽ.സി പഠിച്ചവരാണ് കൂട്ടുകാരി സന്ധ്യയുടെ കലാസൃഷ്‌ടി ലേലത്തിന് വെച്ചത്. കാസർകോടിന്‍റെ കലാപാരമ്പര്യം മനസിൽ പതിയുന്ന തരത്തിലാണ് സന്ധ്യയുടെ പെയിന്‍റിങ്ങിലൊന്ന്. കൊവിഡിനെതിരെ അഹോരാത്രം പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസുകാർക്കും സമർപ്പിക്കുന്നതാണ് രണ്ടാമത്തെ ചിത്രം.
അക്രിലികിലാണ് സന്ധ്യയുടെ കലാസൃഷ്ടികൾ ഓരോന്നും. ലേലം പരമാവധി തുകയിലെത്തിക്കാൻ സഹപാഠികൾ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പലവിധത്തിൽ ധനസമാഹരണം നടത്തുന്ന കൂട്ടത്തിലാണ് ഇങ്ങനെ വേറിട്ടൊരു ആശയം കൂടി ഇവർ പ്രാവർത്തികമാക്കുന്നത്.