കാസര്‍കോട്: എരിക്കുളം വയലില്‍ ജനകീയ കൂട്ടായ്‌മയില്‍ നെല്‍കൃഷി ഇറക്കി. പ്രധാന ക്ഷേത്രത്തില്‍ ഒന്നര പതിറ്റാണ്ടിന് ശേഷം എത്തുന്ന ഉത്സവത്തിന് മുന്നോടിയായാണ് കൃഷിയിറക്കുന്നത്.
നാട്ടിപാട്ടിന്‍റെ ഈണത്തില്‍ ഉത്സവാന്തരീക്ഷത്തിലാണ് എരിക്കുളം വയലില്‍ ഇക്കുറി നെല്‍കൃഷിയിറക്കിയത്. മടിക്കൈ പഞ്ചായത്തിലെ കാര്‍ഷിക ഗ്രാമമായ എരിക്കുളം കാസര്‍കോട് ജില്ലയിലെ പ്രധാന മണ്‍പാത്രനിര്‍മ്മാണ കേന്ദ്രം കൂടിയാണ്. ഗ്രാമത്തിലുള്ളവരുടെ പ്രധാന ആരാധനാലയമായ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ അടുത്തവര്‍ഷം നടക്കുന്ന ബ്രഹ്മ കലശ ഉത്സവത്തിന് മുന്നോടിയായാണ് കൃഷി ഇറക്കിയത്. 10 ഏക്കര്‍ പാടത്ത് തൊണ്ണൂറാന്‍, കയമ വിത്തുകളാണ് വിതച്ചത്. 500 പറ നെല്ല് കിട്ടുമെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ പ്രതീക്ഷ. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ പഞ്ചായത്ത് അംഗങ്ങള്‍ വരെ ആവേശത്തോടെ വയലിലിറങ്ങി. പ്രദേശത്തെ പള്ളിയിലെ ഉസ്താദ് ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഞാറു നടീലിനെത്തി. കന്നി മാസത്തിലാണ് കൊയ്ത്ത് ഉത്സവം നടക്കുക.