കാസർകോട്: കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ കാസർകോട് ഓക്സിജൻ കിടക്കകൾ വർധിപ്പിക്കാൻ തീരുമാനം. സർക്കാർ സംവിധാനത്തിൽ ഉള്ള 147 ഓക്സിജൻ കിടക്കകളെ 1016 ലേക്ക് ആക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
നിലവിൽ 370 ഓക്സിജൻ സിലിണ്ടറുകൾ ആണ് ജില്ലയിൽ ഉള്ളത്. അതിന്‍റെ എണ്ണം വർധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. അഹമ്മദാബാദിൽ നിന്നും കൂടുതൽ സിലിണ്ടറുകൾക്ക് ഓർഡർ കൊടുത്തിട്ടുണ്ട്. അത് ലഭ്യമാകാനുള്ള കാലതാമസം ഒഴിവാക്കാൻ ആണ് ഓക്സിജൻ സിലിണ്ടർ ചലഞ്ച് കൊണ്ട് വന്നത്. ഇതിലൂടെ 180 ഓളം സിലിണ്ടറുകൾ ലഭിച്ചു. 150 എണ്ണം കൂടി കിട്ടിയാൽ റീഫിൽ ചെയ്ത് വെക്കാനും ആവശ്യാനുസരണം ഉപയോഗിക്കാനും കഴിയുമെന്നും ഇങ്ങനെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.
മംഗലാപുരത്തു നിന്നാണ് ജില്ലയിലെ സ്വകാര്യ ആശുപത്രികൾക്ക് ഓക്സിജൻ എത്തിച്ചിരുന്നത്. ഇത് നിർത്തി വെച്ചതായി ദക്ഷിണ കന്നഡ ജില്ലാ ഭരണ കൂടം കത്ത് മുഖേന അറിയിച്ചിട്ടുണ്ട്. അവിടേക്ക് ദ്രവീകൃത ഓക്സിജൻ എത്തിച്ച് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമം നടക്കുന്നതായും കോർ കമ്മിറ്റി യോഗ ശേഷം മന്ത്രി അറിയിച്ചു.
READ MORE: കേരളത്തില്‍ 39,955 പേര്‍ക്ക് കൂടി കൊവിഡ്; 97 മരണം
16000ൽ അധികം ആക്റ്റീവ് കൊവിഡ് കേസുകൾ ജില്ലയിൽ ഉണ്ട്. ഇതിൽ 95 ശതമാനം പേരും വീടുകളിൽ ആണ് കഴിയുന്നത്. 682 പേരാണ് സർക്കാർ നിയന്ത്രണത്തിലുള്ള ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളത്. അതിൽ തന്നെ ഓക്സിജൻ ആവശ്യമുള്ളവർക്ക് പ്രയാസപ്പെട്ടാണെങ്കിലും നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇനി രോഗം വർധിക്കാതിരിക്കാൻ ആണ് ശ്രദ്ധ വേണ്ടത്. അവസ്ഥ മുൻകൂട്ടി കണ്ടു കൊണ്ടാണ് ആവശ്യമായ രീതിയിൽ കൂടുതൽ ഓക്സിജൻ സംഭരണത്തിൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.