കാസര്‍കോട്: പൊലീസ് സ്റ്റേഷന്‍ വളപ്പിനെ ഹരിതാഭമാക്കി പൊലീസുകാര്‍. ഡ്യൂട്ടിക്കിടയിലെ ഇടവേളകളില്‍ കൃഷിപരിപാലനത്തിലൂടെ നൂറുമേനി വിളവാണ് രാജപുരം സ്റ്റേഷനിലെ പൊലീസുകാര്‍ നേടിയത്. സ്റ്റേഷന്‍ വളപ്പിലെ 20 സെന്‍റ് സ്ഥലത്ത് നിലമൊരുക്കിയാണ് കൃഷി. പടവലം, തക്കാളി, പയറുവര്‍ഗങ്ങള്‍, മുളക്, വഴുതന, വിവിധയിനം വാഴകള്‍ തുടങ്ങിയവയെല്ലാം വിളവെടുപ്പിന് പാകമായിക്കഴിഞ്ഞു. പൊലീസ് സ്റ്റേഷന് തൊട്ടുപിറകിലായാണ് വാഴകൃഷിയുള്ളത്. പരിസരത്ത് തണലേകാന്‍ പലതരം മരങ്ങളും നട്ടുപരിപാലിക്കുന്നുണ്ട് പൊലീസുകാര്‍. സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കാന്‍റീനില്‍ ജൈവ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇന്‍സ്‌പെക്‌ടര്‍ ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തില്‍ പൊലീസുകാര്‍ കൃഷിയിറക്കിയത്.
അത്യുല്‍പാദന ശേഷിയുള്ള വിത്തുകളടക്കം ഉപയോഗിച്ചാണ് കൃഷി. പൊലീസുകാര്‍ തന്നെയാണ് വീടുകളില്‍ നിന്നും ജൈവവളം കൊണ്ടുവരുന്നത്. സ്റ്റേഷനിലെത്തുന്ന ആരുടെയും കണ്ണിന് കുളിര്‍മയേകും വിധം ഹരിതാഭ നിറഞ്ഞിരിക്കുകയാണ് പൊലീസ് സ്റ്റേഷനും പരിസരവും. കൃഷി സജീവമായതോടെ ആവശ്യാനുസരണം വിത്തുകള്‍ സ്റ്റേഷനിലേക്ക് നല്‍കാമെന്ന് കൃഷിഓഫീസര്‍ അറിയിച്ചിട്ടുണ്ട്.