കാസര്‍കോട്: കൊവിഡ് നാളുകളിലെ കേരളത്തിന്‍റെ കരുതൽ ആവോളം അനുഭവിക്കുകയാണ് ഇറ്റാലിയൻ യുവതി റീത്ത. ജൻമനാട് കൊവിഡിന് മുന്നിൽ പകച്ചു നിൽക്കുമ്പോഴാണ് ഇറ്റലിയിലെ ലാൻസിയാന സ്വദേശിനി റീത്ത ആശങ്കകൾ ഏതുമില്ലാതെ ബേക്കലിന്‍റെ തീരത്തുകൂടി നടക്കുന്നത്. എട്ടുമാസം മുൻപാണ് റീത്ത ഇന്ത്യയിലെത്തുന്നത്. ഭാരത പര്യടനത്തിനിടെ കൊവിഡ് മഹാമാരി നാടാകെ പടർന്നു. ഈ സമയം റീത്ത വിവിധ സംസ്ഥാനങ്ങൾ പിന്നിട്ട് കർണാടകയിലെ കുടകിൽ എത്തിയിരുന്നു. അവിടെ നിന്നും മലയാളി സുഹൃത്ത് രാജപുരം സ്വദേശി സിമിൽ മാണിയുടെ സഹായത്തോടെയാണ് കാസർകോട് എത്തുന്നത്.
കാഞ്ഞങ്ങാട്ടെ ഡോ. സിദ്ധാർത്ഥ് രവീന്ദ്രന്‍റെ സഹായത്തിൽ ഇവർ പെരിയ സി.എച്ച്.സിയിൽ ആന്‍റിജൻ പരിശോധന നടത്തി. സൗജന്യ ചികിത്സയുടെ ഈ മാതൃകയെ പറ്റിയാണ് റീത്ത വാചാലയാകുന്നത്. കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് വിദേശ ജേർണലുകൾ എഴുതിയതൊക്കെയും സത്യമാണെന്ന് തന്‍റെ അനുഭവത്തിലൂടെ റീത്ത ഉറപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളെ സർക്കാർ ചേർത്തു പിടിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങൾക്കും അനുകരണീയമാണ് ഈ മാതൃകയെന്ന് പറയുന്ന റീത്ത കേരളത്തിലെ ജനങ്ങളുടെ സ്നേഹവും കരുതലും ആവോളം അനുഭവിക്കുന്നുമുണ്ട്. സൗജന്യ ചികിത്സ നൽകി ജനങ്ങളെ ചേർത്ത് പിടിക്കുന്ന കേരളത്തിൽ കുറച്ചു കാലം കൂടി കഴിയാനാണ് ഇറ്റാലിയൻ യുവതിയുടെ ആഗ്രഹം.