കാസർകോട്: അതിർത്തി ചെക്‌പോസ്റ്റ് കടത്തിവിടാൻ കർണാടക സർക്കാർ തയ്യാറാകാത്തതിനെ തുടർന്ന് കാസർകോട്ട് ഒരു മരണം കൂടി. മംഗലാപുരം ആശുപത്രിയിലേക്ക് വിദഗ്‌ധ ചികിത്സക്ക് പോകേണ്ട രോഗി കൂടി മരിച്ചതോടെ തിങ്കളാഴ്‌ച മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി. ഉപ്പള ചെറുഗോളി സ്വദേശി അബ്‌ദുൾ അസീസ് ഹാജി (63) ആണ് ഒടുവിൽ മരിച്ചത്. വൃക്ക രോഗത്തിന് മംഗലാപുരത്തെ ആശുപത്രിയിലാണ് ഇയാളെ ചികിത്സിച്ചിരുന്നത്. ഇതോടെ അതിർത്തി അടച്ചതിനാൽ ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ ആകെ മരണ സംഖ്യ അഞ്ചായി.
അബ്‌ദുൾ അസീസിനെ കൂടാതെ മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി മാധവൻ(45) ആണ് തിങ്കളാഴ്‌ച മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തിന് കുമ്പള സഹകരണ ആശുപത്രിയിൽ മൂന്ന് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. മംഗളൂരു ആശുപത്രിയിലേക്കോ പരിയാരം മെഡിക്കൽ കോളജിലേക്കോ കൊണ്ടു പോകാൻ തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ഡിസ്‌ചാർജ് ചെയ്യുകയായിരുന്നു. മംഗളൂരു ആശുപത്രിയിൽ പോകാൻ ചെക്ക് പോസ്റ്റിൽ എത്തിയെങ്കിലും പൊലീസ് കടത്തിവിട്ടില്ല. ഇതിനിടെയിൽ മാധവയുടെ നില വഷളായി. ഇതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാധവയെ കൊണ്ട് പോകുന്നതിനിടെ ഉദുമ പാലക്കുന്നിലെത്തിയപ്പോൾ അവിടെ ബെഡ് ഒഴിവില്ലെന്ന് അറിയിക്കുകകയായിരുന്നു. തിരിച്ച് കാസർകോട് കിംസ് ആശുപത്രിയിലെത്തികുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ബന്ധുക്കൾ കുഞ്ചത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി.
നേരത്തെ അതിർത്തി കടത്തിവിടാത്തതിനാൽ തലപ്പാടി കെ.സി റോഡ് സ്വദേശി ആയിഷ (60) എന്ന രോഗി മരിച്ചിരുന്നു. ശ്വാസ തടസത്തെ തുടർന്ന് ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് മംഗളൂരുവിലേക്ക് അടിയന്തരമായി എത്തിക്കാൻ പറയുകയായിരുന്നു. അതിർത്തിയിൽ എത്തിയെങ്കിലും കർണാടക പൊലീസ് തടഞ്ഞതിനെ തുടർന്ന് ആംബുലൻസിൽ തന്നെ മരണം സംഭവിച്ചു. തലപ്പാടി അതിർത്തിയിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉദ്യാവരയിലെ പാത്തുഞ്ഞി, തുമിനാട് സ്വദേശി അബ്‌ദുൾ ഹമീദ് എന്നിവർ ചികിത്സ കിട്ടാതെ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചിരുന്നു.