കാസർകോട്: മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റില്‍ ഒന്നര കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരത്ത് നിന്നും കാസർകോട്ടേക്ക് കടത്തുന്നതിനിടെയാണ് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കഞ്ചാവ് പിടികൂടിയത്. കർണാടക റോഡ് ട്രാൻസ്‌പോർട്ട് ബസ്സിൽ വച്ച് നടത്തിയ റെയ്‌ഡിൽ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പൊവ്വൽ മാസ്തികുണ്ടിലെ മുബീന മൺസിലിലെ അബൂബക്കർ സിദ്ധിഖാണ് അറസ്റ്റിലായത്.
നേരത്തെ ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ, വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ട് പോകുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളും, കഞ്ചാവും പിടികൂടിയിരുന്നു. ഓണം അടുത്തുവരുന്ന സമയമായതിനാൽ വ്യാജ വിദേശമദ്യവും, മറ്റു ഉത്പന്നങ്ങളും അന്യസംസ്ഥാനത്തു നിന്നും കടത്തിക്കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് അതിർത്തിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.