കാസര്‍കോട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും നടക്കുന്ന സംയുക്ത സ്ക്വാഡ് പരിശോധനക്കിടെ ഒന്നര ക്വിന്‍റൽ പഴകിയ മത്സ്യം പിടിച്ചെടുത്തു. പഴകിയ മത്സ്യം വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പൊലീസ് വനിതാ സബ് ഇൻസ്പെക്ടർ ലീലയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
കണ്ണുർ അഴിക്കൽ ഭാഗത്ത് നിന്ന് മീന്‍ കയറ്റിക്കൊണ്ടുവന്ന വാഹനമാണ് പരിശോധിച്ചത്. വാഹനത്തിൽ നിന്ന് അഴുകിയ മത്സ്യവും കണ്ടെത്തുകയും അത് പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്‌തു. കച്ചവടക്കാരനില്‍ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു. പരിശോധനയ്ക്ക് കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ഹെൽത്ത് ഇസ്പെക്ടർ എ.പി.രഞ്ജിത്ത് കുമാർ, മൂന്നാം ഗ്രേഡ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, ഫിഷറീസ് സബ് ഇൻസ്പെക്ടർ ജിജോമോൻ എന്നിവർ നേതൃത്വം നൽകി.