കാസർകോട്: മുഖത്തെഴുത്തും ഉടയാടയും കിരീടവുമണിഞ്ഞ് ഓണവില്ലും ഓട്ടുമണിയും കയ്യിലേന്തി ഓണനാളുകളിൽ വീട്ടുമുറ്റങ്ങളിലേക്ക് പടി കയറി വരുന്ന മഹാബലി സങ്കൽപമാണ് ഓണത്താർ. ഓണനാളുകളിൽ കാസർകോടൻ ഗ്രാമവീഥികളിലൂടെ ഓണത്താറിന്‍റെ യാത്ര മനോഹര കാഴ്ചയാണ്. വീട്ടുകാരോട് 'ആടട്ടെ 'എന്ന് അനുവാദം ചോദിച്ച് ഒറ്റചെണ്ടയുടെ താളത്തിൽ മഹാബലിയുടെ ആഗമന കഥ പാടിമ്പോൾ ഓണത്താർ മണികിലുക്കി വീട്ടുമുറ്റത്ത് പൂക്കളത്തിന് ചുറ്റും നൃത്തം വയ്ക്കും.
ഉത്രാടം, തിരുവോണം നാളുകളിലാണ് മഹാബലിയുടെ ആഗമന കഥകൾ വാഴ്ത്തിപ്പാടിക്കൊണ്ട് കുട്ടി തെയ്യമായ ഓണത്താറിന്റെ വരവ്. ചില സ്ഥലങ്ങളിൽ അത്തം മുതൽ തിരുവോണം വരെ ഓണത്താർ വീടുകളിൽ എത്തും. നിറദീപവുമായി വീട്ടമ്മമാർ ഓണത്താറിനെ വരവേൽക്കും. ദക്ഷിണയും അരിയും നൽകി തിരിച്ചയക്കും. നാലു ദിക്കിലേയും വിശേഷങ്ങൾ കണ്ട് പ്രജകളുടെ സൽക്കാരം സ്വീകരിക്കുന്ന മഹാബലി സങ്കൽപമായുള്ള ഓണത്താർ വീട്ടിൽ എത്തുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.
മാവേലിയുടെ നന്മ നിറഞ്ഞ രാജ്യഭരണവും അതു കണ്ടു വാമന വേഷം പൂണ്ടെത്തിയ വിഷ്ണു ദേവൻ, മാവേലിയെ പാതാളത്തിലേക്കയയ്ക്കുന്നതുമെല്ലാം പാട്ടിൽ വിശദമാക്കുന്നു. വണ്ണാൻ സമുദായത്തിലെ കുട്ടികളാണ് ഓണത്താർ കെട്ടുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓണത്താർ ഏറ്റവും പ്രചാരത്തിലുള്ളത്. ഗൃഹാതുരത്വം ഉണർത്തുന്ന ഓണക്കാഴ്ച്ചകളിൽ ഓണത്താറിനും സ്ഥാനമുണ്ട്. തിരുവോണവും കഴിഞ്ഞ് ഓണത്താർ മടങ്ങിയാൽ അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പിലാകും മലയാളികൾ.