കാസര്‍കോട്: കാസർകോട് ജില്ലയിൽ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. മിക്ക ആശുപത്രികളിലും നേരത്തെ നിശ്ചയിച്ച മിനിമം വേതനം നൽകാൻ മാനേജ്‌മെന്‍റുകൾ തയ്യാറാവുന്നില്ലെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷന്‍റെ ആരോപിക്കുന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ വേതനം ആവശ്യപ്പെട്ട നഴ്സുമാരെ പിരിച്ചു വിട്ടതോടെയാണ് സമരം ശക്തിപ്പെടുത്തുന്നത്. നേരത്തെ ജോലിയിലുണ്ടായിരുന്ന ആറ് പേരെയാണ് മാനേജ്മെന്റ് പിരിച്ചു വിട്ടത്.
സമരം ആരംഭിച്ച് 60 ദിവസം പിന്നിടുമ്പോഴാണ് സമരം ശക്തിപ്പെടുത്താൻ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കാസർകോട് കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പിരിച്ചു വിട്ട ആറ് പേരെ തിരിച്ചെടുത്ത് തൽസ്ഥിതി തുടരാൻ ഹൈക്കോടതി അവശ്യപ്പെട്ടിട്ടും മാനേജ്മെന്‍റ് ചെവിക്കൊണ്ടില്ലെന്നും സംഘടന ആരോപിക്കുന്നു. വരും ദിവസങ്ങളിൽ സർക്കാർ നിശ്ചയിച്ച മിനിമം വേതനം നൽകാത്ത ആശുപത്രികളിൽ നോട്ടീസ് നൽകും. 14 ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം വ്യാപിപ്പിക്കാനുമാണ് അസോസിയേഷന്‍റെ തീരുമാനം.