കാസർകോട്: കൊവിഡ് വ്യാപനത്തിന് ശേഷം ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കാലവർഷത്തിന് പിന്നാലെ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സഹചര്യമായിരുന്നു നേരത്തെയെങ്കിൽ ഇപ്പോൾ ഒ പി വിഭാഗങ്ങളിൽ തിരക്കനുഭവപ്പെടുന്നില്ല. മാസ്‌ക് ഉപയോഗവും കൈകൾ അനുവിമുക്തമാക്കലും ശീലിച്ചതോടെ സാധാരണയായി കണ്ടു വരുന്ന അസുഖങ്ങൾ കുറഞ്ഞതായാണ് വിലയിരുത്തൽ.
നേരത്തെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശരാശരി രണ്ടായിരത്തോളം രോഗികൾ ഒപിയിൽ ചികിത്സ തേടുമായിരുന്നു. പക്ഷേ ഇപ്പോൾ അത് ആയിരത്തിനും അഞ്ഞൂറിനും ഇടക്കായി. കാസർകോട് ജനറൽ ആശുപത്രിയിലും ജില്ലയിലെ മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിതി സമാനമാണ്. രോഗികളുടെ എണ്ണം നേർപകുതിയായി കുറഞ്ഞിട്ടുണ്ട്. ജില്ലയിലെ മൊത്തം സർക്കാർ ആശുപത്രികളിലെ കണക്കെടുത്താൽ ആകെ രോഗികളുടെ മൂന്നിലൊന്ന് കുറവ് കൊവിഡ് കാലത്ത് സംഭവിച്ചു.
ഒ പി വിഭാഗത്തിനൊപ്പം കിടത്തി ചികിത്സ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർ മാത്രമേ കൂടുതലായി ആശുപത്രികളിൽ എത്തുന്നുള്ളൂ. കൊവിഡ് കാല സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് വഴി നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്ന പകർച്ചപ്പനികൾ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളുമായി ചികിത്സ തേടുന്നവർ കുറവാണ്. മാസ്‌ക് ഉപയോഗം വർധിച്ചതിനാൽ വായുവിലൂടെ പകരുന്ന രോഗങ്ങൾ കുറഞ്ഞിട്ടുണ്ട്. കൈകൾ അണുവിമുക്തമാക്കാൻ ശീലിച്ചതോടെ വയറിളക്ക രോഗങ്ങൾ കുറഞ്ഞതായും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. വ്യക്തി ശുചിത്വം ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതും രോഗങ്ങൾ കുറയുന്നതിനു കാരണമായിട്ടുണ്ട്.