കാസര്‍കോട്: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സാനിറ്റൈസറുകളുടെ ഉപയോഗം വർധിച്ചിരിക്കുകയാണ്. എന്നാൽ ഇവ നിർമ്മിക്കുന്നതിനാവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭിക്കാത്തത് ചെറുകിട സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമാകുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള കാസര്‍കോട്ടെ ബേഡകത്ത് വനിതാ സർവീസ് സഹകരണ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രകൃതി പ്രൊഡക്ഷൻ യൂണിറ്റിലാണ് സാനിറ്റൈസര്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്നത്.
ഐസോ പ്രൊപ്പീലൻ ആൽക്കഹോളാണ് സാനിറ്റൈസർ നിർമ്മാണത്തിനുപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്‌തു. ഇതിന് ക്ഷാമം വന്നതോടെ പുതുതായി ആരംഭിച്ച ചെറുകിട സാനിറ്റൈസര്‍ നിര്‍മാണ കേന്ദ്രങ്ങളെല്ലാം പ്രതിസന്ധിയിലാണ്. ഒപ്പം സാനിറ്റൈസറുകള്‍ നിറച്ച് നല്‍കാനുള്ള 100 മില്ലി പ്ലാസ്റ്റിക് കുപ്പികളും കിട്ടാനില്ല. സാനിറ്റൈസറിന് ആവശ്യക്കാർ കൂടി വരുന്നുണ്ടെങ്കിലും അസംസ്‌കൃത വസ്‌തുക്കളുടെ അഭാവം നിര്‍മാണത്തിന് തടസമാവുകയാണ്.