കോഴിക്കോട്: പൗരത്വ ഭേതഗതി നിയമം നടപ്പിലാക്കുന്നത് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചാണെന്ന തരത്തിലുള്ള ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രാജ്യത്തെ ഒരാളെയും പുറത്താക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. യുവ പത്രപ്രവർത്തകൻ പി. ജിബിന്‍റെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷങ്ങൾക്കുള്ള രേഖകൾ തന്നെയാണ് ന്യൂനപക്ഷങ്ങൾക്കുമുള്ളത്. അതിനാൽ ഈ നിയമത്തിൽ ഒരു വിഭാഗം മാത്രം ആശങ്കപ്പെടേണ്ടതില്ല. ഇത് രാജ്യത്ത് നിന്ന് ആരെയും പുറത്താക്കാനുള്ള നിയമമല്ല, മറിച്ച് രാജ്യത്ത് ജീവിക്കുന്നതിനുള്ള രേഖകൾ നൽകാൻ കഴിയുന്ന നിയമമാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങളാണ് രാജ്യത്തെ ഒന്നിപ്പിക്കുന്നത്. ഇന്ത്യയിലെ ഓരോ പ്രദേശവും ഒന്നിൽ നിന്നും വ്യത്യസ്ഥമാണ്. എന്നാൽ അതിനർത്ഥം രാജ്യത്ത് ഒരുമയില്ലെന്നല്ല. വ്യത്യസ്ഥമായ രീതികൾ പുലർത്തുന്ന ഇന്ത്യക്കാർ പല വിഷയങ്ങളും ഒരേ മനസോടെ വിശ്വസിച്ച് വരുന്നുണ്ട്. അതിന് കോട്ടം തട്ടിയാൽ രാജത്തിന്റെ ഐക്യം തന്നെ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.