കാസർകോട്: പിറന്നാളാഘോഷം, പ്രണയദിനാഘോഷം, വിവാഹവുമായി ബന്ധപ്പെട്ട ഔട്ട്‌ഡോർ ഫോട്ടോഷൂട്ടിങ് തുടങ്ങിയ പരിപാടികൾ ഇനി കാസർകോട് ഒഴുകുന്ന വേദിയിൽ. ജലവിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള നീലേശ്വരം കോട്ടപ്പുറത്താണ് ആഘോഷങ്ങൾ കളർഫുള്ളാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.) പുഴയിലൂടെ ഒഴുകുന്ന വേദിയൊരുക്കുന്നത്.
ടൂറിസം വകുപ്പിന്‍റെ 500 ചതുരശ്ര അടി വിസ്‌തീർണമുള്ള കോട്ടപ്പുറത്തെ ചലിക്കുന്ന ബോട്ട് ജെട്ടിയാണ് ഡി.ടി.പി.സി. മോടികൂട്ടി രൂപാന്തരം വരുത്തി അന്താരാഷ്‌ട്ര നിലവാരമുള്ള ഒഴുകുന്ന വേദിയാക്കി മാറ്റിയത്. സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിൽ ജലാശയത്തിൽ ഒരുക്കിയ ആദ്യത്തെ തുറസായ വിവിധോദ്ദേശ്യ ആഘോഷ വേദിയാണിത്. പുരവഞ്ചി യാത്രയിൽനിന്ന് വ്യത്യസ്‌തമായ അനുഭവങ്ങൾ പകരുന്ന ഈ സംരംഭത്തിന്‍റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാനാണ് ഡി.ടി.പി.സി.യുടെ ശ്രമം.
എട്ട് കോടി രൂപ മുതൽ മുടക്കി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കോട്ടപ്പുറത്ത് നിർമിക്കുന്ന ഹൗസ്ബോട്ട് ടെർമിനലിന്‍റെ പ്രവർത്തനം ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്നതോടുകൂടി ഹൗസ്ബോട്ടുകളുടെ എണ്ണവും അതിന് ആനുപാതികമായി വിനോദ സഞ്ചാരികളുടെ എണ്ണവും വൻതോതിൽ വർധിക്കുമെന്നാണ് ടൂറിസം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. ഹൗസ്ബോട്ട് യാത്രയിൽനിന്നും വ്യത്യസ്‌തമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഈ നൂതന ആശയത്തിന്‍റെ നടത്തിപ്പ് സ്വകാര്യ സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാനാണ് ഡിടിപിസി ഉദ്ദേശിക്കുന്നത്.
ഏറ്റവും ഉയർന്ന പ്രതിമാസ വാടക വാഗ്‌ദാനം ചെയ്യുന്നവർക്ക് കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കായിരിക്കും വേദി നടത്തിപ്പിന് നൽകുക. ആദ്യഘട്ടത്തിൽ വിജയകരമായി നടത്തിപ്പ് പൂർത്തിയാക്കിയാൽ തുടർ നടത്തിപ്പിനുള്ള സാധ്യത കൂടി ഉൾപ്പെടുത്തിയായിരിക്കും ഈ സംവിധാനം ലീസിന് നൽകുക.