കാസർകോട്: നീലേശ്വരത്തെ തരിശുരഹിത നഗരസഭയായി പ്രഖ്യാപിച്ചു. സുഭിക്ഷ കേരളം പദ്ധതിയിലൂടെ തരിശുഭൂമിയെ കൃഷിഭൂമിയാക്കി മാറ്റിയതിനാണ് നീലേശ്വരം ഈ നേട്ടം സ്വന്തമാക്കിയത്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് നീലേശ്വരത്തെ തരിശുരഹിത നഗരസഭയായി പ്രഖ്യപിച്ചത്. ഈ നേട്ടത്തിന് പരിശ്രമിച്ച നഗരസഭാ ഭരണസമിതിയെ മന്ത്രി അഭിനന്ദിച്ചു.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ സര്‍വേ നടത്തി കണ്ടെത്തിയ 42 ഏക്കര്‍ സ്ഥലത്തും സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ 15.2 ഹെക്‌ടര്‍ സ്ഥലത്തുമാണ് നഗരസഭയുടെ വിപുലമായ കൃഷി ആരംഭിച്ചത്. നെല്ല്, കിഴങ്ങ്, ചെറുധാന്യങ്ങള്‍, പയര്‍, പച്ചക്കറി തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്. നഗരസഭയുടെ തനത് സംരംഭമായ 'വിത്തും കൈക്കോട്ടും' വഴി 12,000 വീടുകളിലേയ്‌ക്ക് അഞ്ച് ഇനത്തില്‍പെട്ട 15 വിത്ത് കിറ്റുകളും ടിഷൂ കള്‍ച്ചര്‍ വാഴകളും ലഭ്യമാക്കി. കൂടാതെ വിത്ത് നഗരം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക സര്‍വകലാശാലയുടെ അഞ്ച് ഏക്കര്‍ നിലത്ത് കൃഷിക്കുള്ള വിത്ത് ഉൽപാദിപ്പിക്കുന്നുമുണ്ട്. ചടങ്ങില്‍ എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷനായി.