കാസർകോട് : കേരളത്തിലേക്കുള്ള ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി ബെംഗളൂരുവിൽ പിടിയിൽ. നൈജീരിയന്‍ സ്വദേശി മോസസ് മണ്ടേയാണ് അറസ്റ്റിലായത്. കാസർകോട് ബേക്കലിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
മെയ് മാസം പിടിയിലായ ഹഫ്‌സ റിഹാനത്ത് ഉസ്‌മാന്‍ എന്ന നൈജീരിയന്‍ യുവതിയെ ചോദ്യം ചെയ്‌തതിലൂടെയാണ് ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് സംഘങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ കാസർകോട് പൊലീസിന് ലഭിച്ചത്. നൈജീരിയന്‍ യുവതിയുടെ ബോസാണ് പിടിയിൽ ആയ മോസസ് എന്ന് പൊലീസ് പറയുന്നു. യുവതി പിടിയിൽ ആയതിന് പിന്നാലെ സംഘത്തിലെ മുഖ്യ കണ്ണിക്കായി പൊലീസ് വലവിരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ബേക്കലിൽ നിന്നുള്ള പ്രത്യേക സംഘം ബെംഗളൂരുവിലെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ലഹരിക്കടത്ത് സംഘങ്ങൾ താമസിക്കുന്ന ബെംഗളൂരു നഗരത്തിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് സാഹസികമായാണ് മോസസ് മണ്ടേയെ പൊലീസ് പിടികൂടിയത്. രഹസ്യ കേന്ദ്രത്തിൽ നിന്ന് രാസ ലഹരി നിര്‍മിച്ച് കേരളത്തിലേക്ക് എത്തിക്കുന്നത് മോസസിന്‍റെ നേതൃത്വത്തില്‍ ആണെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. സംഘത്തില്‍ ഇനിയും കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇവരുടെ കേരളത്തിലെ കൂട്ടുകെട്ടുകളും പൊലീസിന്‍റെ അന്വേഷണ പരിധിയിലാണ്.
നൈജീരിയന്‍ യുവതി പിടിയില്‍ : കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ നൈജീരിയൻ യുവതി ബെംഗളൂരുവിൽ പൊലീസ് പിടിയിലാകുന്നത് മെയ് മാസത്തിലാണ്. നൈജീരിയ ലാഗോസ് സ്വദേശിയായ ഹഫ്‌സ റിഹാനത്ത് ഉസ്‌മാൻ എന്ന ബ്ലെസിങ് ജോയി(22)യെയാണ് ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്ന് അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ഏപ്രിൽ 21ന് കാറിൽ കടത്താൻ ശ്രമിച്ച, ലക്ഷങ്ങള്‍ വിലവരുന്ന 153 ഗ്രാം എംഡിഎംഎയുമായി ചട്ടഞ്ചാൽ പുത്തരിടുക്കത്തെ എം എ അബൂബക്കർ (37), ഭാര്യ എം എ ആമിന അസ്ര (23), ബെംഗളൂരു ഹെന്നൂർ കല്യാൺ നഗറിലെ എ കെ വാസിം (32), ബെംഗളൂരു ഹാർമാവിലെ പി എസ് സൂരജ് (31) എന്നിവരെ ബേക്കൽ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് എംഡിഎംഎ ലഭിച്ചത് ബെംഗളൂരുവിൽ നിന്നാണെന്ന് അറിയാന്‍ സാധിച്ചത്. ബെംഗളൂരുവിലെ വീടിന് സമീപത്തുവച്ചാണ് നൈജീരിയന്‍ യുവതി പിടിയിലായത്. വിദ്യാർഥി വിസയിലാണ് യുവതി ബെംഗളൂരുവിലെത്തിയത്. പിന്നാലെയാണ് ബോസും അറസ്റ്റിലായിരിക്കുന്നത്.