കാസർകോട്: ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ യാത്ര ചെയ്‌താല്‍ എന്ത് സംഭവിക്കും. പെൺകുട്ടികൾക്ക് ഈ രാജ്യം എത്രത്തോളം സുരക്ഷിതമാണ്. കോട്ടയം സ്വദേശിയായ നിധി ശോശ കുര്യന്‍ എന്ന പെൺകുട്ടി ഒറ്റയ്ക്ക് കാറില്‍ യാത്ര തുടങ്ങുമ്പോൾ മുന്നിലുണ്ടായിരുന്ന ചോദ്യങ്ങളാണ് ഇത്. ശരിക്കും ഇന്ത്യയുടെ നിധി തേടിയിറങ്ങിയതായിരുന്നു നിധി ശോശ കുര്യൻ. ദി ഗ്രേറ്റ് ഇന്ത്യന്‍ സോളോ ട്രിപ്പ് എന്ന സ്വപ്‌ന യാത്രയുടെ ലക്ഷ്യ സ്ഥാനം ഇന്ത്യയുടെ കടല്‍തീരങ്ങൾ പിന്നിട്ട് കശ്‌മീർ എന്ന സുന്ദര ഭൂമിയായിരുന്നു.
കൊച്ചിയില്‍ നിന്ന് പുതുച്ചേരി, മഹാബലിപുരം, ചെന്നൈ, ഗുണ്ടൂര്‍, വിജയവാഡ, വിശാഖപട്ടണം, പുരി, ഭുവനേശ്വര്‍, കൊല്‍ക്കത്ത വഴി ഹിമാലയം. തിരികെ ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത്, മുംബൈ, പൂനെ, വഴി കൊല്ലൂർ. ഇപ്പോഴിതാ നിധി കാസർകോട്ട് എത്തിയിരിക്കുന്നു. കണ്ണൂര്‍, തിരുവനന്തപുരം വഴി കന്യാകുമാരിയില്‍ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും, കേരളത്തിലെ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ യാത്ര കൊച്ചിയില്‍ അവസാനിപ്പിക്കും.
ദിവസവും 250- 300 കിലോമീറ്ററായിരുന്നു ഡ്രൈവ്. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും റോളിങ് ബെഡും, ടെന്‍റുമടക്കം ഒപ്പം കരുതിയിരുന്നു. 60 ദിവസമാണ് യാത്രയ്ക്കായി ഉദ്ദേശിച്ചതെങ്കിലും, ഇന്ത്യയെ കണ്ടെത്താൻ നിധി 90ലധികം ദിവസമെടുത്തു. യാത്രാ ചിലവിനുള്ള പണം സ്വന്തമായി കണ്ടെത്തി. ആദ്യമായി കാറില്‍ ഒറ്റയ്ക്ക് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന മലയാളി വനിതയെന്ന വിശേഷണവും ഒരു പക്ഷേ നിധിക്ക് സ്വന്തമാകും. യാത്രാവിശേഷങ്ങള്‍ ട്രാവല്‍ എഫ് എന്ന ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും അപ്ഡേറ്റ് ചെയ്തിരുന്നു.
ചായ വില്‍പനയിലൂടെ പണം സമ്പാദിച്ച് ലോകം മുഴുവന്‍ സഞ്ചരിക്കുന്ന കൊച്ചിയിലെ വിജയന്‍-മോഹന ദമ്പതികൾ കഴിഞ്ഞ ഫെബ്രുവരി ഏഴിന് കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ നിന്നാണ് നിധിയുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
also read: മലപ്പുറം ജില്ലാ അതിര്‍ത്തി വഴി തമിഴ്‌നാട്ടിലേക്കുള്ള യാത്രകള്‍ നിരോധിച്ചു