കാസര്‍കോട്: തളങ്കര കൊപ്പല്‍ നിവാസികളുടെ വര്‍ഷങ്ങളുടെ യാത്രദുരിതത്തിന് പരിഹാരമായി പുതിയ പാലം. കോളനിവാസികള്‍ക്ക് ഇനി ആശങ്കയില്ലാതെ തോട് മുറിച്ചു കടക്കാം. ദ്രവിച്ചു തുടങ്ങിയ നടപ്പാലത്തില്‍ മുള കൊണ്ട് കെട്ടി ബലപ്പെടുത്തിയായിരുന്നു ഇതുവരെയുള്ള യാത്ര. ഏറെക്കാലത്തെ പരാതികൾക്കും നിവേദനങ്ങള്‍ക്കും ഒടുവിലാണ് കൊപ്പലില്‍ സ്ഥിരം യാത്രാ സംവിധാനം വരുന്നത്.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളിലെ പതിനഞ്ചോളം കുടുംബങ്ങളാണ് കൊപ്പല്‍ കോളനിയില്‍ താമസിക്കുന്നത്. ജീവിതപ്രയാസങ്ങള്‍ ഏറെ ഉണ്ടാകുമ്പോഴും ഇവരെ അലട്ടിയത് കാല്‍നടയാത്രക്ക് പോലും മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതാണ്. ഒരു തോടിനപ്പുറത്ത് ദ്വീപിന് സമാനമായ അന്തരീക്ഷത്തിലായിരുന്നു ഇതുവരെയുള്ള ജീവിതം.
തോടിന് കുറുകെ ഉയരം വര്‍ധിപ്പിച്ച് പുതിയ പാലം വന്നതോടെ അപകടം മുനമ്പിലൂടെയുള്ള യാത്രക്കാണ് പരിഹാരമായത്. മഴക്കാലത്ത് വെള്ളം കയറുന്നത് കാരണം പ്രദേശവാസികള്‍ ദുരിതത്തിലായിരുന്നു. പിന്നോക്ക വിഭാഗങ്ങളുടെ പുനരുദ്ധാരണ വിഭാഗത്തില്‍പ്പെടുത്തിയാണ് പാലം പണിതത്. ഒരാഴ്ച്ചയ്‌ക്കുള്ളില്‍ പാലം തുറന്ന് കൊടുക്കും.