കാസര്‍കോട്: ആരോഗ്യ ഉത്‌പന്നങ്ങള്‍ വിതരണം ചെയ്യുന്നതിലൂടെ ഇരട്ടി ലാഭം വാഗ്‌ദാനം നല്‍കി കാസര്‍കോട് സ്വദേശിയായ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. നെതര്‍ലൻഡ്‌സ് സ്വദേശി ആന്‍റണി ഒഗനറബോയെയാണ് അറസ്‌റ്റ് ചെയ്‌തത്. കാസര്‍കോട് ഗ്രാമീണ്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍ കെ.മാധവന്‍റെ പരാതിയിലാണ് കേസെടുത്തത്.
മൂന്ന് ദിവസം പിന്തുടർന്ന പൊലീസ് സംഘം ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാസര്‍കോട് കൊണ്ടുവന്ന് അറസ്‌റ്റ് രേഖപ്പെടുത്തി. പ്രതിയുടെ പക്കല്‍ നിന്നും ലാപ്‌ടോപ്പ് എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ്, നാല് മൊബൈല്‍ ഫോണുകള്‍, വിവിധ ബാങ്കുകളുടെ ഏഴ് എ.ടി.എം കാര്‍ഡുകള്‍, വിവിധ ആള്‍ക്കാരുടെ പേരിലുള്ള മൂന്ന് പാസ്‌പോര്‍ട്ടുകള്‍, ഡോളറിന്‍റെ ഫോട്ടോകോപ്പികള്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിങ്ങനെ വിലപിടിപ്പുള്ള വിവിധ വസ്‌തുക്കളും പിടികൂടി.
സംഭവത്തില്‍ നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട് സ്വദേശികളടക്കം അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു.