കാസർകോട് : കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷ ചടങ്ങുകൾക്ക് തുടക്കമായി. ഗണപതി പൂജ, ശങ്കരപീഠത്തിൽ കലശ സ്ഥാപനം എന്നിവയോടെയാണ് നവരാത്രി പൂജ ചടങ്ങുകൾക്ക് തുടക്കമായത്. വിജയദശമി വരെ നീളുന്ന നവരാത്രി ആഘോഷത്തിന്‍റെ 10 ദിവസക്കാലം ദർശനത്തിനായി എത്തുന്ന മലയാളികളടക്കമുള്ള ഭക്തലക്ഷങ്ങളാൽ കൊല്ലൂരിൽ തിരക്കേറും.
ക്ഷേത്രത്തിലെ കൊടിമര ചുവട്ടിൽ നടന്ന ഗണപതി പൂജ, ശങ്കരപീഠത്തിൽ കലശ സ്ഥാപനം, സങ്കല്‍പ പൂജ എന്നിവയോടെയാണ് വാഗ്ദേവത സന്നിധിയിൽ നവരാത്രി പൂജകൾക്ക് തുടക്കം കുറിച്ചത്. ക്ഷേത്രം മുഖ്യതന്ത്രി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിലാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷ പൂജകൾ നടന്നുവരുന്നത്.
മഹാനവമി നാളായ ഒക്‌ടോബർ 4ന് ഉച്ചയ്ക്ക് ഒരു മണിക്ക് ചണ്ഡികായാഗം, സുഹാസിനീപൂജ എന്നിവയോടെ ദേവിയുടെ പ്രസിദ്ധമായ പുഷ്‌പ രഥോത്സവം നടക്കും. ഭക്തലക്ഷങ്ങൾ പങ്കെടുക്കുന്ന രഥോത്സവം വർഷങ്ങൾക്ക് ശേഷം ഇത്തവണ പകൽ സമയത്ത് നടക്കുന്നുവെന്നത് ആഘോഷങ്ങളിലെ പ്രത്യേകതയാണ്.