കാസർകോട് : 'രേഖകൾ ഈ ഓഫീസിൽ ലഭ്യമല്ല', കാസർകോട് ജില്ലയിൽ നവകേരള സദസിന്‍റെ പര്യടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടെങ്കിലും വരവ് ചെലവ് കണക്ക് ചോദിക്കുമ്പോൾ കിട്ടുന്ന മറുപടി ഇതാണ് (Nava kerala sadas). തദ്ദേശ സ്ഥാപനങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും നൽകിയ പണത്തിന്‍റെ വിശദാംശങ്ങൾ പോലും ലഭ്യമല്ലെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്ക് മറുപടിയായി ജില്ല ഭരണകൂടം അറിയിച്ചു. ജില്ല കലക്ടർക്കായിരുന്നു പരിപാടി നടത്തിപ്പിന്‍റെ ചുമതല. സര്‍ക്കാര്‍ പരിപാടിയാണെന്ന് പറയുമ്പോഴും വരവ് ചെലവ് കണക്ക് സംബന്ധിച്ച രേഖകൾ ജില്ല ഭരണ കേന്ദ്രത്തിലില്ലെന്നത് വിചിത്രമാണ്.
ജില്ലയില്‍ പൊതുജനങ്ങളില്‍ നിന്നോ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ പണം പിരിച്ചിട്ടുണ്ടോ?, എത്ര രൂപ ചെലവാക്കി? എന്നീ ചോദ്യങ്ങള്‍ക്ക് ഇത് സംബന്ധിച്ച രേഖകൾ ഈ ഓഫീസിൽ ലഭ്യമല്ലെന്നാണ് മറുപടി. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിച്ച ഫണ്ടിന്‍റെ വിവരങ്ങളുണ്ടോ ? എന്ന ചോദ്യത്തിനും രേഖകൾ ലഭ്യമല്ലെന്നാണ് ജില്ലാഭരണകൂടം അറിയിച്ചത്.
വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യാന്‍ സംവിധാനമുണ്ടോ?, എന്ന ചോദ്യത്തിനും സമാന മറുപടി. ഓരോ മണ്ഡലത്തിലും നവകേരള സദസ് സംഘടിപ്പിക്കാന്‍ രൂപീകരിച്ച സംഘാടക സമിതിയുടെ വിവരങ്ങള്‍ മാത്രമാണ് കൃത്യമായി നൽകിയത്. 15ഓളം ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തേടിയതെങ്കിലും ഒന്നിനും വ്യക്തമായ മറുപടി നൽകാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ ശ്രീകാന്ത് പറയുന്നു.
നവ കേരള സദസിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം നൽകിയിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏത് സ്ഥാപനം എത്ര രൂപ നൽകിയെന്ന ചോദ്യത്തിന് ഇതുസംബന്ധിച്ചുള്ള രേഖകൾ ഈ ഓഫീസിൽ ലഭ്യമല്ലെന്നും എൽഎസ്‌ജിഡി ജോയിന്‍റ് ഡയറക്ടറുടെ ഓഫീസിൽ അന്വേഷിക്കണമെന്നുമാണ് നിർദേശിക്കുന്നത്. നവ കേരള സദസിനുവേണ്ടി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പണം അനുവദിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര രൂപ, ആർക്ക് എത്ര രൂപ നൽകി, ഏത് അക്കൗണ്ടിലാണ് പണം കൈമാറിയത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കും എൽഎസ്‌ജിഡി ജോയിന്‍റ് ഡയറക്ടറുടെ ഓഫീസിൽ അന്വേഷിക്കണമെന്നാണ് നിർദേശിക്കുന്നത്.
നവകേരള സദസിനുവേണ്ടി ജില്ലയുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഭരണസമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാര്‍ പണം അനുവദിച്ചിട്ടുണ്ടോ, പണം കൈമാറിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കും മുകളിൽ പറഞ്ഞ അതേ മറുപടിയാണ് നൽകിയിട്ടുള്ളത്. നവ കേരള സദസിനുവേണ്ടി ജില്ലയിലെ സഹകരണ സ്ഥാപനങ്ങൾ പണം നൽകിയിട്ടുണ്ടോ, തുടങ്ങിയ കാര്യങ്ങൾക്ക് സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസിൽ അന്വേഷിക്കണമെന്നാണ് നിർദേശിക്കുന്നത്. ജില്ലയിൽ നിന്ന് പൊതുജനങ്ങളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം പിരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഈ ഓഫീസിൽ നിന്നും അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ ഇതുസംബന്ധിച്ച രേഖകൾ ലഭ്യമല്ലെന്നാണ് അറിയിക്കുന്നത്.
പരിപാടി സംഘടിപ്പിക്കാൻ സർക്കാരോ സംഘാടക സമിതിയോ റസീപ്‌റ്റ് പ്രിന്‍റ് ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ഏത് ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍, എന്നീ ചോദ്യങ്ങള്‍ക്ക് ഈ ഓഫീസിൽ നിന്നും അത്തരം നിർദേശങ്ങൾ നൽകിയിട്ടില്ലാത്തതിനാൽ രേഖ ലഭ്യമല്ലെന്നാണ് മറുപടി.