കാസർകോട് : കാസർകോടിന്‍റെ മുഖച്ഛായ മാറുകയാണ്, ഒപ്പം കേരളത്തിന്‍റെയും. ഗതാഗതം സുഗമമാക്കാനുള്ള സ്വപ്‌ന പദ്ധതിയായ ദേശീയപാത വികസനം അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാന അതിർത്തിയായ തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയും അടുക്കത്ത് ബയൽ മുതൽ കുമ്പള വരെയും നിലവിൽ ആറുവരി പാതയിലൂടെ വാഹനങ്ങൾ ഓടി തുടങ്ങിയിട്ടുണ്ട്. ഗതാഗതതടസം രൂക്ഷമായിരുന്ന അതിർത്തി മേഖലകളിൽ ഇപ്പോൾ സുഗമമായ യാത്രയെന്ന് ജനങ്ങളും പറയുന്നു.
2024 ഓടെ പദ്ധതി പൂര്‍ത്തിയാകും: എല്ലായിടങ്ങളിലും പ്രവൃത്തി അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് റീച്ചുകളിലായാണ് തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ജില്ലയിലെ ദേശീയപാത വികസനം അതിവേഗം പുരോഗമിക്കുന്നത്. 2024 മെയ് മാസത്തോടെ ജില്ലയിലെ നിർമാണം പൂർത്തീകരിക്കാനാകും എന്നാണ് സർക്കാരിന്‍റെയും ദേശീയപാത അതോറിറ്റിയുടെയും പ്രതീക്ഷ.
കാസർകോട് കറന്തക്കാട് മുതൽ 30 തൂണുകൾ സഹിതം 1.12 കിലോമീറ്റർ ദൂരത്തിൽ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് അയ്യപ്പ സ്വാമി ക്ഷേത്രം വരെ ഫ്ലൈ ഓവർ നിർമിക്കുന്നുണ്ട്. തലപ്പാടി-ചെങ്കള ആദ്യ റീച്ചിൽ ഉള്ള ഏക മേൽപ്പാലം ആണിത്. ജില്ലയിൽ ആകെ നാല് മേൽപ്പാലങ്ങളാണ് ഉള്ളത്. ചെർക്കള, മാവുങ്കാൽ, പാണത്തൂർ റോഡ് ജങ്ഷൻ, കാഞ്ഞങ്ങാട് സൗത്ത് ജങ്‌ഷൻ എന്നിവിടങ്ങളിൽ ആണ് മറ്റുള്ള മേൽപ്പാലങ്ങള്‍ നിർമിക്കുന്നത്.
മെര്‍ജിങ് പോയിന്‍റുകള്‍ 60 ഇടങ്ങളില്‍: കാസർകോട് ഒഴികെയുള്ള മൂന്ന് മേൽപ്പാലങ്ങളും മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്‌സ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്. തലപ്പാടി മുതൽ ചെങ്കള വരെ ദേശീയപാതയിലേക്ക് വാഹനങ്ങൾക്ക് സർവീസ് റോഡിൽ നിന്ന് ഇറങ്ങാനും കയറാനും 60 ഇടത്ത് സൗകര്യമുണ്ടാകും (മെർജിങ്ങ് പോയിന്‍റ്). ഇരുഭാഗത്തുമായി 30 വീതം മെർജിങ് പോയിന്‍റുകളാണുണ്ടാവുക.
ഒരുവഴിയിലൂടെ തന്നെ കയറുകയും ഇറങ്ങുകയും ചെയ്യാം. മേൽപ്പാലങ്ങള്‍ക്കും അടിപ്പാതകൾക്കും പുറമെയുള്ള ഈ മെർജിങ് പോയിന്‍റുകൾ യാത്രക്കാർക്ക് സഹായകമാകും. ദീർഘദൂര യാത്രക്കാര്‍ക്ക് പുറമെ ഹ്രസ്വദൂര യാത്രികര്‍ക്കും ഇതിലൂടെ കയറി ആറുവരി പാത ഉപയോഗിക്കാൻ കഴിയും.
ലോക്കൽ ബസ്, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയ്‌ക്കും ഇതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യാം. ചെറിയ ലോക്കൽ വാഹനങ്ങൾക്ക് ദേശീയപാതയിൽ കയറാൻ കഴിയില്ലെന്നും സർവീസ് റോഡുകളിൽ തിരക്കേറുമെന്നും ആശങ്കയുണ്ടായിരുന്നു. ഇതിനാലാണ് അടിപ്പാതകൾക്കായി എങ്ങും ആവശ്യമുയർന്നത്. അടിപ്പാതകൾക്കൊപ്പം മെർജിങ് പോയിന്‍റുകൾ വരുന്നതോടെ ഇത്തരം ആവശ്യങ്ങൾക്ക് പരിഹാരമാകും.
കുഞ്ചത്തൂർ, ഉദ്യാവാർ മാട, മഞ്ചേശ്വരം, പൊസോട്ട, ഹൊസങ്കടി, ഉപ്പള ഗേറ്റ്, നയബസാർ കൈക്കമ്പ, ബന്തിയോട്, ഷിറിയ കുന്നിൽ, ആരിക്കാടി, കുമ്പള, മൊഗ്രാൽ, മൊഗ്രാൽപുത്തൂർ, ചൗക്കി, വിദ്യാനഗർ (സീതാംഗോളി ജങ്‌ഷൻ), ബിസി റോഡ്, നായന്മാർമൂല, സന്തോഷ് നഗർ, ചെങ്കള നായനാർ ആശുപത്രി എന്നിവിടങ്ങളിലായി 19 അടിപ്പാതകളാണ് തലപ്പാടി-ചെങ്കള ഹൈവേക്കുള്ളത്.