കാസർകോട് : മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് രഞ്ജിത്ത് സംവിധാനം ചെയ്‌ത 'നന്ദനം'. 2002ലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇരുപത് വർഷത്തിന് ഇപ്പുറവും അതിലെ ഓരോ കഥാപാത്രങ്ങളും രംഗങ്ങളും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ്.
ഇപ്പോഴിതാ ഈ സിനിമയുടെ പുനരാവിഷ്‌കാരമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരുകൂട്ടം സിനിമ പ്രേമികൾ ഒരുക്കിയ പുനരവതരണത്തില്‍ കുട്ടിത്താരങ്ങള്‍ തകര്‍ത്ത് അഭിനയിച്ചിരിക്കുകയാണ്. ഒറിജിനലിനെ വെല്ലുന്ന കുട്ടി മനുവിനെയും ബാലാമണിയെയുമെല്ലാം ഇതിനോടകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
അഖിൽ മാടായി സംവിധാനം ചെയ്‌ത പുനരാവിഷ്‌കാരം മൂന്ന് ദിവസം കൊണ്ട് ഇരുപത് ലക്ഷം പേരാണ് കണ്ടത്. പൃഥ്വിരാജിന്‍റെയും നവ്യ നായരുടെയും പിറന്നാളിന് മുന്നോടിയായിട്ടാണ് നന്ദനം റീക്രിയേഷൻ ഒരുക്കിയതെന്ന് അണിയറപ്രവർത്തകർ പറയുന്നു. ബിജു ഡി ഫ്രെയിം യഥാർഥ സിനിമയുടെ പശ്ചാത്തലങ്ങൾ ഒട്ടും ചോർന്നുപോകാതെ ദൃശ്യങ്ങൾ പകർത്തി.
ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സിനിമയിലെ പ്രധാന ഭാഗങ്ങൾ എല്ലാം അതേപടി ചേർത്തിട്ടുണ്ട്. സിനിമയിൽ എന്നപോലെ ഗുരുവായൂരും പരിസര പ്രദേശങ്ങളുമാണ് പുനരവതരണത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. ആവണി, രഞ്ജിത്ത്, അഭിനവ്, തന്മയ, ആരുഷി, അനന്യ, ആദിത്യൻ, മിലെൻ, തീർഥ, ശ്രീഹരി, സമൃദ്, അനാമിക, ദേവന്ദന തുടങ്ങിയവരാണ് അഭിനേതാക്കൾ.
നേരത്തെ അഖിൽ മാടായി സംവിധാനം ചെയ്‌ത 'വിയറ്റ്നാം കോളനി' എന്ന ചിത്രത്തിലെ 'പാതിരാവായി നേരം' എന്ന പാട്ട് രംഗത്തിന്‍റെ പുനരാവിഷ്‌കാരം ഏറെ ശ്രദ്ധ നേടിയിരുന്നു. നന്ദനത്തിന്‍റെ പുനരാവിഷ്‌കാരത്തിനും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ഇവർ പറയുന്നു.