കാസർകോട്: കേരളത്തില്‍ എംഎല്‍എമാർ കേസില്‍ പ്രതികളായി ജയിലില്‍ പോകുന്ന പതിവ് ഉണ്ടായിരുന്നില്ല. അതിന് മാറ്റം സൃഷ്ടിച്ചാണ് മഞ്ചേശ്വരം എംഎല്‍എയും മുസ്ലീംഗീല് നേതാവുമായ എംസി കമറുദ്ദീൻ വാർത്തകളില്‍ നിറഞ്ഞത്. കേരളം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ചർച്ച എംസി കമറുദ്ദീന്‍റെ സ്ഥാനാർഥിത്വത്തെ കുറിച്ചാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച പിബി അബ്ദുൽ റസാഖിന്‍റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 7900 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഉജ്വല വിജയം നേടിയാണ് എംസി കമറുദ്ദീൻ എംഎല്‍എയായത്. പക്ഷേ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായി എംസി കമറുദ്ദീൻ ജയില്‍വാസം അനുഭവിച്ചത് മുസ്ലീംലീഗിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കമറുദ്ദീന് ഇത്തവണ സീറ്റുണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല.
മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെന്ന നിലയില്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ കമറുദ്ദീന് എതിരെ ലീഗിന്‍റെ പ്രാദേശിക കേന്ദ്രങ്ങളില്‍ വികാരം ഉണ്ടായിരുന്നു. ഭാഷ ന്യൂനപക്ഷ സമവാക്യങ്ങളും പ്രാദേശിക വാദങ്ങളും മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തില്‍ വലിയ സ്വാധീനം സൃഷ്ടിക്കാറുണ്ട്. മണ്ഡലത്തില്‍ സുപരിചിതനും യുവനേതാവുമായ എകെഎം അഷ്‌റഫിന്‍റെ പേരിനാണ് അക്കാര്യത്തില്‍ മുൻഗണന. യൂത്ത് ലീഗ് നേതാവ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നയാളാണ് എകെഎം അഷ്‌റഫ്. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എ.കെ.എം അഷ്‌റഫിന്‍റെ വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ മുസ്ലീംലീഗിന് ദയനീയ തോൽവി ഉണ്ടാവുകയും വോർക്കാടി, മീഞ്ച പഞ്ചായത്തുകളിലെ പരാജയത്തിന് എകെഎം അഷ്‌റഫുമായുള്ള അസ്വാരസ്യങ്ങൾ കാരണമായതും സ്ഥാനാർഥി നിർണയത്തില്‍ ചർച്ചയാകും.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ എകെഎം അഷ്‌റഫിന് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥി നിർണയ ചർച്ചകൾ അലങ്കോലപ്പെടുത്തുകയും സ്ഥാനാർഥി പ്രഖ്യാപനം മാറ്റി വെക്കേണ്ടി വരികയും ചെയ്തിരുന്നു. അതിനെതിരെ പാർട്ടി നടപടി സ്വീകരിച്ചതും ഇത്തവണ അഷ്‌റഫിന് തിരിച്ചടിയാകും. മുസ്ലിം ലീഗ് കാസർകോട് ജില്ലാ സെക്രട്ടറി ആയ പിഎം മുനീർ ഹാജിയുടെ പേരിനാണ് ഇപ്പോൾ മുൻഗണന നല്‍കുന്നത്. ഉപതെരഞ്ഞെടുപ്പിലും പി.എം മുനീർ ഹാജിയുടെ പേര് ഉയർന്നുവന്നിരുന്നു. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിയായ പി.എം. മുനീർ ഹാജിയുടെ കുടുംബ വേരുകൾ മഞ്ചേശ്വരത്താണ്. അതുകൂടാതെ പി.ബി അബ്ദുൽ റസാഖിന്‍റെ തെരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തിന്‍റെ ചുമതല വഹിച്ചിരുന്നയാൾ എന്ന നിലക്കും പ്രാദേശിക തലങ്ങളിൽ മുനീർ ഹാജിക്ക് വലിയ സ്വീകാര്യതയുണ്ട്. അണികളുടെ പ്രാദേശിക വികാരത്തെ മാനിച്ചാൽ മുനീർ ഹാജിക്ക് നറുക്ക് വീഴും. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ പേരും ഇപ്പോൾ പരിഗണനയിലുണ്ട്.