കാസർകോട്: മഞ്ചേശ്വരത്ത് ആദ്യമായി തദ്ദേശീയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. എ.കെ.എം. അഷ്‌റഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ അത് മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യങ്ങള്‍ നേതൃത്വം മുഖവിലക്കെടുത്തുവെന്നാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ തുളുനാട്ടുകാരനെ തന്നെ അങ്കത്തിന് നിയോഗിക്കുകയാണ് മുസ്ലീം ലീഗ്.
വിവാദങ്ങള്‍ക്കിടയില്ലാതെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കാനായത് ലീഗ് നേതൃത്വത്തിനും ആശ്വാസമാകും. എം.എസ്.എഫിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തിയ എ.കെ.എം.അഷ്‌റഫ് മണ്ഡലത്തിലെ പരിചിതനാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നപ്പോഴുള്ള പ്രവര്‍ത്തകരുടെ ആവേശം തെരഞ്ഞെടുപ്പ് രംഗത്തും പ്രതിഫലിക്കുമെന്നുറപ്പാണ്. നിലവിലെ എം.എല്‍.എയ്ക്ക് മേലുള്ള ആരോപണങ്ങളൊന്നും ബാധിക്കില്ലെന്നും ഭൂരിപക്ഷം വര്‍ധിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് എ.കെ.എം.അഷ്‌റഫിനുള്ളത്.
പി.ബി.അബ്ദുല്‍ റസാഖിന്‍റെ മരണത്തെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്ഥാനാര്‍ഥിയായി ലീഗ് നേതൃത്വത്തിന്‍റെ പരിഗണനയില്‍ ഉണ്ടായിരുന്നത് അഷ്‌റഫിന്‍റെ പേരാണ്. പിന്നീടാണ് ലീഗ് ജില്ലാ പ്രസിഡന്‍റായ എം.സി.കമറുദ്ദീന്‍ സ്ഥാനാര്‍ഥിയാകുന്നത്. മഞ്ചേശ്വരത്തെ പ്രവര്‍ത്തകരുടെ പ്രതിഷേധം പാണക്കാട് വരെയെത്തി. അടുത്ത തവണ പരിഗണിക്കാം എന്ന അന്നത്തെ ഉറപ്പാണ് ഇന്ന് അഷ്‌റഫിന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ യാഥാര്‍ഥ്യമായത്.