കാസർകോട്: കാസർകോട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദു റഹ്മാന്‍റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ യൂത്ത് ലീഗ് നേതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തു. യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്, പ്രവർത്തകരായ ഹസൻ, ഇസഹാക് എന്നിവർക്കെതിരെയാണ് കേസ്. ഇസഹാക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ പരിക്കേറ്റ മുഖ്യപ്രതി ഇർഷാദ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
അക്രമി സംഘത്തിൽ പരിചയമുള്ള ആളുകളാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തിലുണ്ടായ രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും സംഭവസമയത്ത് ഔഫ് അബ്ദു റഹ്മാനോടൊപ്പം കൂടെയുണ്ടായിരുന്ന ശുഹൈബ് പറയുന്നു. വോട്ടെണ്ണലിന് ശേഷം സ്ഥാനാർഥികൾ ഉൾപ്പടെ പങ്കെടുത്ത ആഹ്ളാദ പ്രകടനത്തിന് നേരെ ലീഗ് പ്രവർത്തകർ അക്രമം നടത്തിയിരുന്നതായും ശുഹൈബ് പറഞ്ഞു.
ഫോറൻസിക് സംഘവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. അതേസമയം, കൊലപാതകത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് കാഞ്ഞങ്ങാട് നഗരത്തിൽ ഹർത്താൽ ആചരിക്കുകയാണ്. ഡിവൈഎഫ്ഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.