കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ കാലം മായ്ക്കാത്ത അടയാളവുമായി ശിലായുഗത്തിലെ മുനിയറ. കലോത്സവം നടക്കുന്ന ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ മൈതാനത്തോട് ചേര്‍ന്നുള്ള മുനിയറയാണ് പുരാതന സംസ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയാവുന്നത്.
ചെങ്കല്ലില്‍ ചതുരാകൃതിയില്‍ കൊത്തിയെടുത്ത മനോഹരമായ ഗുഹയാണ് മുനിയറ. ആറടിയിലേറെ നീളമുള്ള ഗുഹകളുടെ മുകള്‍ ഭാഗത്തും വൃത്താകൃതിയില്‍ ഒരു ദ്വാരമുണ്ട്. മുന്‍കാലങ്ങളില്‍ മൂപ്പന്‍മാരുടെ ശവശരീരങ്ങള്‍ ഇത്തരം മുനിയറകളിലാണ് സൂക്ഷിച്ചിരുന്നതെന്ന് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ മൈതാന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇവിടെ മുനിയറ കണ്ടെത്തിയത്. മഹാശിലാ യുഗത്തിലെ മണ്‍പാത്രങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തിരുന്നു.
ആദ്യമായി ജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണിയില്‍ വിരുന്നെത്തുമ്പോള്‍ ഇവിടേക്കെത്തുന്നവര്‍ക്ക് ചരിത്ര നിര്‍മിതി പരിചയപ്പെടുത്തുകയാണ് സ്‌കൂളിലെ ചരിത്ര ക്ലബും, എന്‍.എസ്.എസ് സംഘാടകരും. മുനിയറ സംരക്ഷിച്ച് നിര്‍ത്തുന്നതിനായി സ്‌കൂള്‍ പ്രത്യേക പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന പ്രതിഭകളെല്ലാം ഈ ചരിത്ര നിര്‍മിതി കണ്ടാണ് മടങ്ങുന്നത്. പഴമയെ പരിചയപ്പെടുത്തുന്നതിനായി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ പുരാവസ്തു പ്രദര്‍ശനവും ആരംഭിച്ചു. പ്രദര്‍ശനം ആദൂര്‍ ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍ ഉദ്ഘാടനം ചെയ്തു