കാസർകോട്: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പറുദീസയായ മുംബൈ വാംഖഡെ സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി മുഹമ്മദ് അസ്ഹറുദ്ദീൻ. കാസർകോട്ടുകാരന്‍റെ ഈ തകർപ്പൻ ബാറ്റിംഗ് പ്രകടനത്തിൽ ആഹ്ളാദാരവങ്ങളിലാണ് ജന്മനാടായ തളങ്കരയും. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെയും സുനില്‍ ഗാവസ്‌കറിന്‍റെയും ബാറ്റിങ് സ്മരണകള്‍ ഇരമ്പുന്ന മൈതാനത്താണ് സയ്യിദ് മുഷ്താഖ് അലി ട്വന്‍റി-ട്വന്‍റി ക്രിക്കറ്റിൽ കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ ആദ്യ സെഞ്ച്വറി കുറിച്ചത്.
പുറത്താകാതെ 137 റണ്‍സ് നേടിയ പ്രകടനത്തിലൂടെ ട്വന്‍റി-ട്വന്‍റി മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടി ക്രിസ് ഗെയ്‌ലിന് തൊട്ടു പിറകില്‍ മൂന്നാമതെത്താനും അസ്ഹറുദ്ദീനായി. മൈതാനത്ത് പൊതുവില്‍ ശാന്തനായി കാണപ്പെടുന്ന അസ്ഹറുദ്ദീന്‍റെ ബാറ്റില്‍ നിന്നും തീ തുപ്പുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം വാംഖഡെയില്‍ കണ്ടത്. മുംബൈയുടെ ഹോം ഗ്രൗണ്ടിലെ മിന്നുന്ന പ്രകടനം അസ്ഹറുദ്ദീന്‍റെ ക്രിക്കറ്റ് കരിയറില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലെ സഹകളിക്കാര്‍.
തളങ്കര ടി.സി.സി ക്ലബ് മൈതാനത്ത് പാഡ് കെട്ടിത്തുടങ്ങിയതാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍. എവിടെ കളിക്കാനിറങ്ങിയാലും നാടിനോടുള്ള സ്‌നേഹം കാസർകോടുകാരന്‍ മറച്ചുവെക്കാറില്ല. കഴിഞ്ഞ ദിവസം അതിവേഗ സെഞ്ച്വറി നേടിയപ്പോളും കാസര്‍കോടിനെ പ്രതിനിധാനം ചെയ്യുന്ന തന്‍റെ 14ആം നമ്പർ ജഴ്‌സിയിലേക്ക് ബാറ്റ് ചൂണ്ടി ആഹ്ളാദം പങ്കിട്ടത് ടിവിയിലൂടെ കണ്ടപ്പോള്‍ ഒപ്പം കളിച്ചു നടന്നവരടക്കം കോരിത്തരിച്ചു.
തളങ്കരയിലെ പരേതരായ ബി കെ മൊയ്തുവിന്‍റെയും നബീസയുടെയും എട്ട് മക്കളില്‍ ഇളയവന് ക്രിക്കറ്റ് ഭ്രമം മൂത്താണ് സഹോദരന്‍ കമറുദ്ദീന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേര് ചൊല്ലി വിളിച്ചത്. അത് തെറ്റിയില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് അസ്ഹറുദ്ദീന്‍ കാഴ്ചവെച്ചത്. സഹോദരന്‍റെ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ് കമറുദ്ദീന്‍.
ഒരു പന്ത് പോലും അനാവശ്യമായി കളയാതെ ശ്രദ്ധയോടെയുള്ള ബാറ്റിങ്ങായിരുന്നു കഴിഞ്ഞ ദിവസത്തേതെന്നാണ് അസ്ഹറുദ്ദീന്‍റെ കൂട്ടുകാരുടെ വിലയിരുത്തൽ. വിരേന്ദര്‍ സേവാഗ് അടക്കമുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ബാറ്റിങ് പ്രകടനം ഐപിഎല്ലിലേക്കും ദേശീയ ടീമിലേക്കും വഴി തുറക്കുമെന്ന വിശ്വാസത്തിലാണ് കാസർകോട്ടെ തളങ്കരക്കാർ.