കാസര്‍കോട്: തൃക്കരിപ്പൂര്‍ എളമ്പച്ചിയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിയ ഫിറോസുള്‍പ്പടെയുള്ള മൂന്നു പേർ നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം നടത്തുന്നതായി രഹസ്യ അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചു. ഒരു മാസം മുമ്പ് ഇയാള്‍ അടുത്ത ബന്ധുവിനെ ഫോണില്‍ വിളിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനം അറിയിച്ചിരുന്നതായി അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.
പടന്ന പീസ് പബ്ലിക്ക് സ്‌കൂളിലെ താത്ക്കാലിക ജീവനക്കാരനായിരുന്ന ഫിറോസ് ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗമാവാന്‍ 2016 ജൂണ്‍ മാസത്തിലാണ് രാജ്യം വിട്ടത്. ഇതേ സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന അബ്ദുല്‍ റാഷിദിന്‍റെ നേതൃത്വത്തിലായിരുന്നു ഫിറോസടക്കമുള്ള 21 പേര്‍ ഐഎസ് കേന്ദ്രത്തില്‍ എത്തിയത്. ഇതില്‍ 16 പേര്‍ കാസര്‍കോട് സ്വദേശികളാണ്. റിക്രൂട്ടിങിന് പ്രധാന പങ്കു വഹിച്ച അബ്ദുല്‍ റാഷിദ് അമേരിക്കന്‍ ബോംബ് ആക്രമണത്തില്‍ ഒരു മാസം മുമ്പ് കൊല്ലപ്പെട്ടതായുള്ള വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇവര്‍ക്കൊപ്പം നാടുവിട്ട ഫിറോസും മറ്റു രണ്ടു പേരും നിലവില്‍ സിറിയയിലാണ്. അതേ സമയം ബാക്കിയുള്ളവര്‍ അഫ്ഗാനിസ്ഥാനിലെ കൊറാസാന്‍ പ്രവിശ്യയില്‍ തന്നെയാണ് ഇപ്പോഴും കഴിയുന്നത്. ഇവരില്‍ റാഷിദ് ഉള്‍പ്പടെയുള്ള എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.