കാസർഗോഡ്: മോട്ടോർ വാഹന വകുപ്പും കടലാസ് രഹിതമാകുന്നു. വാഹനപരിശോധനയിൽ പിഴയിടാക്കുന്നതടക്കം ഇ പോസ് മെഷീനിലേക്ക് മാറി. പാതയോരങ്ങളിൽ വാഹനങ്ങളെ കൈകാട്ടി നിർത്തി കഴിഞ്ഞാൽ പിന്നെ രേഖകളൊന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇനിമുതൽ കൈകൊണ്ട് തൊടേണ്ടതില്ല. ഒരു സ്മാർട്ട്ഫോണിന്‍റെ വലിപ്പത്തിലുള്ള ഇ പോസ് മെഷീൻ മാത്രമാണ് ഇനിയുണ്ടാകുക. വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് ഫോട്ടോയെടുത്താൽ വാഹന ഉടമയുടെയും വാഹനത്തിന്‍റെയും മുഴുവൻ രേഖകളും ഈ പോസ് മെഷീനിലൂടെ ലഭ്യമാകും.
ഡിജിറ്റൽ ഇടപാടുകളുടെ കാലത്ത് പിഴത്തുക അടക്കുന്നതിനും സംവിധാനമുണ്ട്. എടിഎം കാർഡ് വഴി പിഴ ഈടാക്കാം. അല്ലെങ്കിൽ കോടതിയിലേക്ക് നേരിട്ട് അയക്കാം. രസീതുകൾ എല്ലാം പ്രിന്‍റ് ചെയ്ത് കിട്ടും. മോട്ടോർ വാഹന വകുപ്പ് പൂർണമായും ഡിജിറ്റലാകുന്നതിന്‍റെ ഭാഗമായാണ് ഇ പോസ് മെഷീൻ ഉപയോഗപ്പെടുത്തുന്നത്.