കാസര്‍കോട്: കൊവിഡ് 19 ബാധിതനായ കണ്ണൂർക്കാരനൊപ്പം യാത്ര ചെയ്‌തവരിൽ അഞ്ച് പേർ കാസർകോട്ടുകാർ. ഇവരെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. കൊവിഡ് 19 നിയന്ത്രണത്തിന് കൂടുതല്‍ ജാഗ്രത തുടരാന്‍ കാസര്‍കോട് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധി യോഗം തീരുമാനിച്ചു. ജാഗ്രതാ സമിതികളും പി.എച്ച്.സി തല ഹെല്‍പ് ഡെസ്‌കുകളും കൂടുതല്‍ സജീവമാക്കും. നിലവില്‍ 249 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ജോര്‍ദാനില്‍ നിന്നെത്തിയ ആളുള്‍പ്പെടെ 10 പേരാണ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഏഴ് പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും മൂന്ന് പേര്‍ ജില്ലാ ആശുപത്രിയിലുമാണ്.
നിലവില്‍ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ആശ്വാസകരമാണെങ്കിലും ജാഗ്രത തുടരാന്‍ എല്ലാവരും സന്നദ്ധരാകണമെന്നാണ് ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്‌തു. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പ്രവാസികള്‍ നാട്ടിലെത്തുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കാനും വേണ്ട ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം പെരിങ്ങോത്ത് യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഗള്‍ഫില്‍ നിന്നും വരുന്നവരെയും കൂടുതലായി നിരീക്ഷിച്ചു തുടങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഹെല്‍പ്പ് ഡെസ്‌കുകള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജാഗ്രത തുടരുന്നതിന്‍റെ ഭാഗമായി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ ബേക്കല്‍ കോട്ടയും സമീപത്തെ പള്ളിക്കര ബീച്ച് പാര്‍ക്കും അടച്ചിടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയപറമ്പിലെ ഹൗസ് ബോട്ടുകളിലും വിനോദ സഞ്ചാരികളെ അനുവദിക്കില്ല.