കാസർകോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടലുകളെ കുറിച്ച വിവരം പുറത്ത്. അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഓരോ പ്രതികളും എങ്ങനെ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടുവെന്ന് വ്യക്തമാക്കുന്നു.
ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയത് റെജി വർഗ്ഗീസാണ്. സുരേന്ദ്രൻ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും നീക്കങ്ങൾ സംബന്ധിച്ച് മറ്റുള്ളവര്‍ക്ക് വിവരം കൈമാറി. ബ്രാഞ്ച് സെക്രട്ടറി രാജുവും മറ്റുള്ളവരും കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ പങ്കെടുത്തു. ഗൂഢാലോചന, കുറ്റകൃത്യത്തിനായി ആയുധവും വാഹനവും എത്തിച്ചുനല്‍കല്‍, ഇരകളുടെ യാത്ര വഴികള്‍ അക്രമി സംഘത്തിനായി എത്തിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, സി.പി.എം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവരെയും വീണ്ടും ചോദ്യം ചെയ്‌തു. കേസില്‍ ഒന്‍പതു മാസം മുമ്പ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിനു ശേഷം 200ഓളം പേരെ ചോദ്യം ചെയ്‌തിരുന്നു. കേസില്‍ 14 പേരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തിരുന്നു.
സി.പി.എം മുന്‍ ഉദുമ ഏരിയാ സെക്രട്ടറി കെ. മണികണ്‌ഠന്‍, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്‌ണന്‍ എന്നിവര്‍ ജാമ്യത്തിലാണ്. 2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്‌ലാല്‍ (24) എന്നിവരെ വാഹനങ്ങളിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ 14 പേരേയാണ് നേരത്തെ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്.
കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബത്തിന്‍റെ പരാതിയില്‍ ഹൈക്കോടതിയാണ് കേസ് സി.ബി.ഐക്ക് വിട്ടത്. ഇത് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്‌തു. കല്യോട്ടെ സുരേന്ദ്രന്‍ എന്ന വിഷ്‌ണു സുര (47), ശാസ്‌ത മധു (40), ഏച്ചിലടുക്കത്തെ റെജി വര്‍ഗീസ് (44), ഏച്ചിലടുക്കത്തെ ഹരിപ്രസാദ് (31), സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി കല്യോട്ടെ രാജേഷ് എന്ന രാജു (38) എന്നിവരെയാണ് ഇന്ന് അറസ്‌റ്റ് ചെയ്‌തത്. ഇവരെ പൊലീസ് അകമ്പടിയോടെ എറണാകുളത്തേക്ക് കൊണ്ടുപോയി.