കാസർകോട്: മഞ്ചേശ്വരത്തെ മണി ചെയിൻ തട്ടിപ്പിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. കാസർകോട് സ്വദേശികളാണ് പിടിയിലായത്. കമ്പനി ഡയറക്ടർമാരായ രണ്ടു കോഴിക്കോട് സ്വദേശികൾ ഉള്‍പ്പെടെ കേസിൽ ഇത് വരെ അഞ്ച് പേർ പിടിയിലായി.
ALSO READ: കാസര്‍കോട് ഓക്‌സിജന്‍ ക്ഷാമം : പ്രശ്നപരിഹാരത്തിന് തീവ്രശ്രമവുമായി ആരോഗ്യവകുപ്പ്
അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. മൈ ക്ളബ് ട്രേഡേഴ്‌സ് എന്ന പേരിലാണ് ജനങ്ങളിൽ നിന്നും പണം പിരിച്ചു തട്ടിപ്പ് നടത്തിയ കാസർകോട് ചെങ്കളയിലെ ജലാലുദീൻ, നെല്ലിക്കട്ടയിലെ അബ്ദുൽ മൻസിഫ് എന്നിവരാണ് അറസ്റ്റിലായത്. നെറ്റ്‌വർക്ക് മാർക്കറ്റിങിന്‍റെ പേരിൽ വൻ തുക കമ്മിഷൻ ഇനത്തിൽ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
പിടിയിലായവര്‍ സംഘത്തിലെ പ്രധാനികളാണ്. കമ്പനി ഡയറക്ടര്‍മാരായ കോഴിക്കോട് സ്വദേശികളായ ഹൈദരലി, ഷാജി എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവര പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ജലാലുദീൻ മൈ ക്ളബ് ട്രേഡേഴ്സിന്‍റെ സ്ഥാപകരിൽ ഒരാളാണ്. കേരളത്തിൽ നിന്നും തട്ടിപ്പിലൂടെ ലഭിച്ച 150 കോടിയിൽപരം രൂപ വിദേശത്തേക്ക് കടത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കമ്പനിക്കായി സാങ്കേതിക സഹായം നല്‍കുന്നയാളാണ് മൻസിഫ്. വെബ് സൈറ്റിൽ ഇടപാടുകാരുടെ വിവരങ്ങൾ ചേർക്കുന്നത് ഉൾപ്പെടെ മൻസിഫാണ് ചെയ്തത്. കമ്പനിയുടെ വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളിൽ നിന്നും പ്രിൻസസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്.
ജ്വല്ലറിക്കായി കോഴിക്കോട് വടകരയിലും കാസർകോട് ചെങ്കളയിലും കെട്ടിടം ഉൾപ്പെടെ തട്ടിപ്പ് സംഘം വാങ്ങിയിരുന്നു. മഞ്ചേശ്വരത്ത് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതിക ളിലൊരാളില്‍ നിന്നാണ് മണിചെയിന്‍ തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്.
തുടർന്നാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായ മഞ്ചേശ്വരം സ്വദേശി ജാവേദ് തട്ടിപ്പിന്‍റെ ഇടനിലക്കാരൻ ആണെന്ന് വ്യക്തമാകുന്നതും അറസ്റ്റ് ചെയ്യുന്നതും. തുടർന്ന് തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ദുബായിലും ഇവർ ഇത്തരത്തിൽ ആളുകളെ ചേർത്തു പണം തട്ടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.