കാസർകോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കപ്പെടണമെന്നും ഒരു മത വിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവത്തിന്‍റെ ജനകീയ പങ്കാളിത്തത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണോ ഇതെന്നത് പരിശോധിക്കും. ഗാനം തയ്യാറാക്കിയ വ്യക്തികളുടെ സംഘപരിവാർ ബന്ധം അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
സ്വാഗതഗാനത്തിന്‍റെ ദൃശ്യാവിഷ്‌കാരത്തിൽ ഇന്ത്യൻ സുരക്ഷാസേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രം ധരിച്ചയാളുടെ വേഷത്തിൽ അവതരിപ്പിച്ചതായിരുന്നു വിവാദത്തിന് വഴിവെച്ചത്.