കാസർകോട് : റിപ്പബ്ലിക് ദിനാഘോഷത്തിനിടെ കാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തി. വിദ്യാനഗറിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ആഘോഷ പരിപാടിയിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ തലകീഴായി പതാക ഉയർത്തിയത്. പതാക തലകീഴായാണ് ഉയർത്തിയതെന്ന് മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെട്ടില്ല.
പതാക ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിലും പൊലീസ് മേധാവിയുമടക്കം സല്യൂട്ടും ചെയ്തു. ഇതിനുശേഷം മാധ്യമപ്രവർത്തകരാണ് പതാക തലകീഴായി ഉയർത്തിയ വിവരം ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് മന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥർക്കും വീഴ്ച ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പതാക വീണ്ടും ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.
ALSO READ: India Republic Day | രാജ്യം 73ാം റിപ്പബ്ലിക്ക് ദിന നിറവിൽ; പരേഡ് രാവിലെ 10.30ന്
സംഭവത്തിൽ കലക്‌ടറുടെ ചുമതലയുള്ള എഡിഎം എം.കെ രമേന്ദ്രൻ അന്വേഷണത്തിനു ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയാണ് ജില്ലയില്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. ഒരു മണിക്കൂര്‍ നീണ്ട ആഘോഷത്തില്‍ പൊലീസിന്‍റെ മൂന്ന് പ്ലാറ്റൂണും എക്സൈസിന്‍റെ ഒരു പ്ലാറ്റൂണും പങ്കെടുത്തു.
കൊവിഡ് വ്യാപന സാഹചര്യമായതിനാല്‍ പരമാവധി പങ്കെടുക്കാന്‍ പറ്റുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കിയിരുന്നു.