കാസർകോട്: നുള്ളിപ്പാടിയിൽ പള്ളി പൊളിക്കുന്നതിനിടെ മിനാരം തകർന്നു വൈദ്യുതി തൂണുകളിൽ വീണു. അപകടത്തിൽ നിരവധി വൈദ്യുതി തൂണുകൾ തകർന്നു. നിരവധി വാഹനങ്ങൾ ഈ സമയം ഇതുവഴി കടന്നു പോകുന്നുണ്ടായിരുന്നെങ്കിലും ആളപായം ഉണ്ടായിട്ടില്ല.
ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി റോഡരികിലുള്ള പള്ളി പൊളിക്കുന്നതിനിടെയാണ് അപകടം. ഭീകര ശബ്‌ദത്തോടെയാണ് മിനാരം തകർന്നു വീണത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
തകർന്ന പോസ്‌റ്റുകള്‍ പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. കേരള–കർണാടക സംസ്ഥാന അതിർത്തി കവാടം കടന്ന് തലപ്പാടിയിൽ ആണ് സംസ്ഥാനത്തെ ദേശീയ പാതയുടെ ആദ്യ റീച്ച് പാത വികസനം തുടങ്ങുന്നത്. ഇതിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ദേശീയപാതയുടെ ആദ്യ റീച്ച് നിർമാണ കരാർ.
തലപ്പാടി മുതൽ ചെങ്കള വരെ ആണ് ഈ റീച്ച്. 39 കിലോമീറ്റർ ദൂരം വരുന്ന 1704.13 കോടി രൂപയുടെ പദ്ധതിയാണിത്. ഡിസംബറിലായിരുന്നു നിർമാണം ആരംഭിച്ചത്.
ദേശീയ പാത നിർമാണത്തിന്‍റെ ഭാഗമായി നിരവധി കെട്ടിടങ്ങൾ പൊളിച്ചു നീക്കിയിരുന്നു. ചെങ്കള റീച്ച് ചെങ്കള മുതൽ നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം വരെയാണ് രണ്ടാം റീച്ച്. ഇതിന്‍റ ദൂരം 37.268 കിലോമീറ്ററാണ്.
മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്‌സ് ലിമിറ്റഡ് ആണ് നിർമാണം നടത്തുന്നത്. ഒക്‌ടോബർ 15ന് രണ്ടാം റീച്ചിന്‍റെ നിർമാണം തുടങ്ങി. രണ്ടാം റീച്ചിൽ 1799 കോടി രൂപയാണ് നിർമാണ ചെലവ്.
പള്ളിക്കര റെയിൽവേ മേൽപാലത്തിന്‍റെയും പണി പുരോഗമിക്കുകയാണ്. നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുറ്റിക്കോൽ പാലം വരെയാണ് നീലേശ്വരം റീച്ച്. കാലിക്കടവ് വരെ 6.85 കിലോ മീറ്റർ ദൂരമാണ് ഇതിൽ ജില്ലയിലുള്ളത്.
മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്‌സ് ലിമിറ്റഡിനാണ് ഇവിടെയും നിർമാണ ചുമതല. 3061 കോടിയാണ് നിർമാണ ചെലവ്.