കാസർകോട് : നീലേശ്വരം കോട്ടപ്പുറത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം തന്നെയാണെന്ന് കണ്ടെത്തൽ. മൂന്നു പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എറണാകുളം സ്വദേശി ബൈജു (54), കളമശേരി സ്വദേശി മുഹമ്മദ് ഫൈസൽ(43), നോർത്ത് പറവൂർ സ്വദേശി ഡാനിയൽ ബെന്നി(42) എന്നിവരാണ് അറസ്റ്റിലായത്. ബൈജു എറണാകുളം ജില്ലയിലെ തോപ്പുംപടി പൊലീസ് സ്‌റ്റേഷനിൽ അടക്കം നാലു സ്‌റ്റേഷനുകളിലായി 14 കേസുകളിൽ പ്രതിയാണ്.
കൊലപാതകത്തിന്‍റെ ചുരുളഴിയുമ്പോൾ : കഴിഞ്ഞ ശനിയാഴ്‌ച രാത്രി 10 മണിയോടെയാണ് തമിഴ്‌നാട് മധുര സ്വദേശി രമേശി(43)നെ ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടപ്പുറത്തെ ലീഗ് ഓഫിസിനു സമീപത്തെ വാടകവീട്ടിൽ 11 തൊഴിലാളികളോടൊപ്പം താമസിച്ചുവരികയായിരുന്നു രമേശ്. ശനിയാഴ്‌ച രാത്രി 10 മണിയോടെ യുവാവിനെ മരിച്ച നിലയിൽ തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം.
രമേശ് താമസിച്ചിരുന്ന ഈ കെട്ടിടത്തിൽ മലയാളികളും അന്യ സംസ്ഥാന തൊഴിലാളികളും അടക്കമുള്ള 11 പേരാണ് താമസിച്ചിരുന്നത്. കൊലപാതകം നടത്തിയ പ്രതികൾ തന്നെയാണ് നാട്ടുകാരെ വിളിച്ചു തങ്ങളുടെ കൂടെയുള്ള ഒരാൾക്ക് ഹൃദയാഘാതം മൂലം മരിച്ചു കിടക്കുന്നതായി അറിയിച്ചത്. നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പ്രഥമദൃഷ്‌ട്യാൽ ഹൃദയ സ്‌തംഭനം ആണെന്ന് തോന്നുമെങ്കിലും കൂടുതൽ അന്വേഷണത്തിൽ കൊലപാതകമെന്ന് പൊലീസ് അന്ന് തന്നെ കണ്ടെത്തിയിരുന്നു.
ക്രിയാത്മകമായ പൊലീസ് അന്വേഷണം : കോട്ടപ്പുറം-കടിഞ്ഞിമൂല പാലത്തിന്‍റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിൽ ആണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ നീലേശ്വരം പൊലീസ് ഉടൻ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. വാടക വീട്ടിൽ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് കേസിന്‍റെ യാഥാർഥ്യം അറിയുന്നത്. കൊല്ലപ്പെട്ട രമേശൻ പ്രതികൾ ആവശ്യപ്പെട്ട വേതനം നൽകാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചാണ് യുവാവിനെ പ്രതികൾ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മുഖ്യപ്രതിയായ ബൈജുവിനെതിരെ എറണാകുളം ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ 14 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചൊവ്വാഴ്‌ച ഉച്ചയോടെ ഹോസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും.
ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന ഐപിഎസിന്‍റെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി. പി. ബാലകൃഷ്‌ണൻ നായർ, നീലേശ്വരം ഇൻസ്‌പെക്‌ടർ പ്രേം സദൻ, എസ് ഐ ശ്രീജേഷ്, ഗിരീഷ്, മഹേഷ്, പ്രബീഷ്, ഷാജിൽ, ഷിജു തുടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മരണത്തിന്‍റെ ദുരൂഹത നീക്കുകയും പ്രതികളെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരികയും ചെയ്‌ത പൊലീസിന് നാട്ടുകാർ അനുമോദനമറിയിച്ചു. കേസിന്‍റെ തുടർ നടപടികൾ പ്രതിയെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം തുടരുമെന്ന് പൊലീസ് അറിയിച്ചു.